ലണ്ടന്‍: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 11-ലെ ട്രിപ്പിള്‍ ക്യാമറയാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയം. ഐഫോണിന്റെ പിറകില്‍ ഘടിപ്പിച്ച മൂന്നുക്യാമറകളെ ചൊല്ലിയുള്ള തമാശകളും ട്രോളുകളും സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്. ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ പതിപ്പുകളിലാണ് ട്രിപ്പിള്‍ ക്യാമറയുള്ളത്. 

ആപ്പിള്‍ ഐഫോണിലെ ട്രിപ്പിള്‍ ക്യാമറയുടെ ഡിസൈന്‍ തന്നെയാണ് ട്രോളന്മാരെയും ചിന്തിപ്പിച്ചത്. നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയും ഐഫോണ്‍ ക്യാമറയെ ട്രോളി ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ വസ്ത്രത്തിലെ ഡിസൈനും ഐഫോണ്‍ ക്യാമറയുടെ ഡിസൈനും ഒരുപോലെയെന്ന് സൂചിപ്പിക്കുന്നരീതിയിലായിരുന്നു മലാലയുടെ ട്വീറ്റ്. ആപ്പിള്‍ ഐഫോണ്‍-11 അവതരിപ്പിക്കുന്ന ദിവസം തന്നെ ഞാന്‍ ഈ വസ്ത്രം ധരിച്ചത് തികച്ചും യാദൃശ്ചികമാണോ എന്നായിരുന്നു മലാലയുടെ ട്വീറ്റ്. 

അതിനിടെ ഐഫോണിലെ പുതിയ ട്രിപ്പിള്‍ ക്യാമറ ഡിസൈന്‍ ട്രൈപോഫോബിയക്ക് കാരണമാകുന്നതായുള്ള ട്വീറ്റുകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പരന്ന പ്രതലത്തില്‍ ദ്വാരം പോലെ എന്തെങ്കിലും കാണുമ്പോള്‍ ഭയവും അസ്വസ്ഥതയും തോന്നുന്ന അവസ്ഥയാണ് ട്രൈപോഫോബിയ. ഇതുസംബന്ധിച്ചും ട്വിറ്ററില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. 

Content Highlights: malala tweet on apple iphone 11 pro tripple camera