ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വീണ്ടും പുകഴ്ത്തി ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഇരുവരെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചതിന് പിന്നാലെയാണ് രജനി പുതിയ വിശേഷണവുമായി രംഗത്തെത്തിയത്. 'തന്ത്രവിദഗ്ധന്‍മാര്‍' എന്നാണ് രജനി ഇരുവര്‍ക്കും നല്‍കിയ പുതിയ വിശേഷണം.

'തന്ത്രങ്ങളുടെ വിദഗ്ധന്‍മാരാണ് മോദിയും അമിത് ഷായും. ഒരാള്‍ പദ്ധതികള്‍ തയ്യാറാക്കും, മറ്റയാള്‍ നടപ്പിലാക്കും. കശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാടാണ്. ആദ്യം കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നു'- രജനി പറഞ്ഞു.

മോദിയും അമിത് ഷായും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണെന്നായിരുന്നു ഞായറാഴ്ച രജനി പറഞ്ഞത്. എന്നാല്‍ അവരില്‍ ആരാണ് കൃഷ്ണനെന്നും അര്‍ജുനനെന്നും നമുക്ക് അറിയില്ലെന്നും രജനി പറഞ്ഞിരുന്നു. 

ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും ഒവൈസിയെ പോലുള്ള നേതാക്കളും രജനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രജനി മഹാഭാരതം ഒരിക്കല്‍ കൂടി വായിക്കുന്നത് നന്നാവുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.എസ് അഴഗിരിയുടെ ഉപദേശം. ഇവര്‍ കൃഷ്ണനും അര്‍ജുനനുമാണങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്നായിരുന്നു ഒവൈസിയുടെ ചോദ്യം.

content highlights: Rajinikanth's New Praise For PM Narendra Modi, Amit Shah