വെങ്കിടങ്ങ്: കണ്ണോത്ത് പുല്ല റോഡിലെ വെള്ളക്കെട്ടിലെ ഒഴുക്കിൽപ്പെട്ട ഇസാന് രക്ഷകനായത് മീൻപിടിത്തത്തിനെത്തിയ വിഷ്ണു. സഹോദരങ്ങളായ ഇസാനും റസിയയുമാണ് ഒഴുക്കിൽപ്പെട്ടത്. റസിയയുടെ ഭർത്താവ് നാസർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് മകൻ സുബഹാൻ സ്കൂട്ടറിൽ പാഞ്ഞെത്തി ഇരട്ടപ്പാലത്തിന് സമീപം വലവീശി മീൻപിടിച്ചിരുന്ന പെൻമാട്ട് അയ്യപ്പുവിനെയും മകൻ വിഷ്ണുവിനെയും വിവരമറിയിക്കുകയായിരുന്നു.

ഉടൻതന്നെ വിഷ്ണു സമീപത്തെ കടയിൽനിന്ന് എയർ ട്യൂബുമെടുത്ത് സംഭവസ്ഥലത്തേക്ക് പാഞ്ഞു. ഇസാനും റസിയയും പുല്ലിൽ പിടിച്ചുനിൽക്കുന്നതാണ് കണ്ടത്. ഒരു പാട് ദൂരം നീന്തിയാണ് വിഷ്ണു ഇസാന്റെ അടുത്തെത്തിയത്. ഇസാനെ രക്ഷിച്ച് കരക്കെത്തിച്ച് തിരിച്ചിറങ്ങി​യപ്പോഴേക്കും റസിയയെ കാണാതായി. പുല്ലിൽ പിടിച്ചു നിന്ന റസിയ നിലയുറയ്ക്കാതെ മുങ്ങുകയായിരുന്നു.

അവിടെനിന്ന് അൽപ്പം ദൂരെമാറി റസിയ ധരിച്ചിരുന്ന കറുത്ത നിറത്തിലുള്ള ഷാൾ കണ്ടാണ് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. നാസറും കുടുംബവും ദിവസവും രാവിലെ കണ്ണോത്ത് പുല്ല റോഡിൽ നടക്കാൻ വരാറുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്നപാടശേഖരം കാണാനാണ് ചൊവ്വാഴ്ച എത്തിയത്.

ഇരട്ടപ്പാലം മുതൽ 51-ാം തറ വരെയുള്ള ഭാഗത്ത് വെള്ളക്കെട്ടും ഒഴുക്കും കൂടുതലാണ്. ഇവ കുറയും വരെ ഗതാഗതം നിരോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി വി.എസ്. സുനിൽകുമാർ, മുരളി പെരുനെല്ലി എം.എൽ.എ., മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി.

പാടശേഖരം കാണാനെത്തിയവീട്ടമ്മ മുങ്ങിമരിച്ചു

വെങ്കിടങ്ങ്: കണ്ണോത്ത് - പുല്ല റോഡിൽ വീട്ടുകാരുമൊത്ത് വെള്ളം നിറഞ്ഞ പാടശേഖരങ്ങൾ കാണാനുള്ള യാത്രയാണ് മുല്ലശ്ശേരി കോറളി സ്വദേശി പുളിക്കൽ റസിയ(47)യയുടെ ജീവൻ അപഹരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. നാസർ, റസിയ, മകൻ സുബഹാൻ, റസിയയുടെ അനിയൻ ഇസാൻ എന്നിവരാണ് രണ്ടു സ്കൂട്ടറുകളിലായി കണ്ണോത്ത് - പുല്ല റോഡിൽ എത്തിയത്. തിരുത്തുംപടവിൽ ഫാം റോഡിന് സമീപംവെച്ചാണ് സംഭവം.

മഴയിൽ റോഡ് മുറിഞ്ഞാണ് വെള്ളം ഒഴുകുന്നത്. റോഡിലെ നിലംപതി വഴി വെള്ളം ശക്തിയായാണ് ഒഴുകുന്നത്.

റോഡിലൂടെ നാലുപേരുകൂടി നടന്നുവരുന്നതിനിടെ ഇസാൻ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇസാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റസിയയും ഒഴുക്കിൽപ്പെട്ടു. ഇതിനിടെ ഇസാൻ പുല്ലിൽ പിടിച്ചു നിന്നു. റസിയയ്ക്ക് പുല്ലിൽ പിടിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് നിലയുറയ്ക്കാതെ മുങ്ങിപ്പോയി.

റസിയയുടെ മകൻ സുബഹാൻ വിവരമറിയിച്ചതിനെ തുടർന്ന് മീൻപിടിക്കാനെത്തിയവരാണ് ഇസാനെ രക്ഷിച്ചത്. റസിയയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഗുരുവായൂരിൽനിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരാണ് ഇസാനെ ആശുപത്രിയിലെത്തിച്ചത്. കാണാതായിടത്തു നിന്നും 250 മീറ്റർ ദൂരം മാറിയാണ് റസിയയെ കണ്ടെത്തിയത്. മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസാനെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷൌക്കിയാണ് റസിയയുടെ മകൾ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പാടൂർ ജുമാ മസ്ജിദിൽ കബറടക്കി.