കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പ് ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതിനിധിയായ ഗോകുലം കേരള എഫ്.സിക്ക് രണ്ടാം തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്.

ആദ്യ മത്സരത്തില്‍ ഐ.എസ്.എല്‍ ടീമായ ചെന്നൈയിന്‍ എഫ്.സി.യെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു ഗോകുലം. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗോകുലം.

ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ടഗോളാണ് ഗോകുലത്തിന് ജയം അനായാസമാക്കിയത്. 43, 87 മിനിറ്റുകളിലായിരുന്നു ട്രനിഡാഡ് ആന്‍ഡ് ടൊബാഗോ താരമായ മാര്‍ക്കസ് ജോസഫിന്റെ ഗോളുകള്‍. ചെന്നൈയിന്‍ എഫ്.സി.ക്കെതിരേ മാര്‍ക്കസ് ഹാട്രിക് നേടിയിരുന്നു.

മലപ്പുറത്തുകാരന്‍ ഷിബില്‍ മുഹമ്മദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. 56-ാം മിനിറ്റിലായിരുന്നു ഷിബിലിന്റെ ഗോള്‍.

Content Highlights: Marcus Joseph Brace Helps Gokulam FC Beats Indian Airforce in Durand Cup Soccer