ആല്‍വാര്‍: 2017 ഏപ്രിലില്‍ ഒരു മനുഷ്യനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുന്ന ദൃശ്യം ഈ ലോകം മുഴുവന്‍ മുഴുവന്‍ കാണുകയുണ്ടായി. വെള്ള കുര്‍ത്ത ധരിച്ച പെഹ്‌ലു ഖാന്‍ എന്ന മനുഷ്യനെയായിരുന്നു ആ ആള്‍ക്കൂട്ടം യാതൊരു ദയയും കാട്ടാതെ മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെഹ്‌ലു ഖാന്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിര്‍ണായക വീഡിയോ ഒരു തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് കോടതി ആ പ്രതികളെ വെറുതെ വിട്ടു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഒരു കീഴ്‌ക്കോടതി കേസില്‍ വിധി പറഞ്ഞത്. കേസില്‍ വിധി പറഞ്ഞ ജഡ്ജി സരിത സ്വാമിയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വെറുതെ വിട്ടത്. 

Pehlu Khan case

''ആ വീഡിയോ എല്ലായിടത്തും വൈറലായിരുന്നു. എല്ലാരും അത് കണ്ടു. നിങ്ങള്‍ക്ക് ഇപ്പോഴും ഓണ്‍ലൈനില്‍ ആ വീഡിയോ കാണാം. പക്ഷെ ആ വീഡിയോ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി പറയുന്നത്. വീഡിയോയുടെ ആധികാരികത തെളിയിക്കാനായി ഒരു ഫോറന്‍സിക് ലബോറട്ടറി സെര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. എന്നാല്‍ പോലീസ് അത് കൃത്യ സമയത്ത് ഹാജറാക്കിയില്ല. രണ്ട് വര്‍ഷത്തിനിടെ അത്തരമൊരു സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള സമയം പോലീസിന് കിട്ടിയില്ല എന്ന കാര്യം എനിക്ക് വിശ്വസിനീയമല്ല''- പെഹ്‌ലു ഖാന്റെ വക്കീലായ അക്താര്‍ ഹുസൈന്‍ പറഞ്ഞു. (കടപ്പാട് ന്യൂസ് 18). 

പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആ വീഡിയോ തെളിവായി പരിഗണിക്കാന്‍ കഴിയുമായിരുന്നു എന്നാണ് അക്താര്‍ ഹുസൈന്റെ വാദം. ആകെ 44 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അതിലൊരാള്‍ ഡല്‍ഹിയിലെ പോലീസ് കോണ്‍സ്റ്റബിളായ രവീന്ദര്‍ എന്നയാളാണ്. വിസ്താരത്തിനിടെ വീഡിയോ ചിത്രീകരിച്ചത് താനാണെന്ന് രവീന്ദര്‍ മൊഴി നല്‍കിയിരുന്നു. 

പെഹ്‌ലു ഖാനെ മര്‍ദിക്കുന്ന സമയത്ത് ആ പ്രദേശത്ത കൂടെ സഞ്ചരിച്ച രവീന്ദര്‍ സംഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. രവീന്ദറിന്റെ മൊഴി തന്നെ വീഡിയോയുടെ ആധികാരികത ഉറപ്പിക്കുന്നുണ്ടെന്ന് അക്താര്‍ ഹുസൈന്‍ പറയുന്നു. കോടതിയുടെ അറിവിനെ ചോദ്യം ചെയ്യാന്‍ താനാളെല്ലെങ്കിലും വീഡിയോ തെളിവായി അംഗീകരിക്കാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ടെന്ന പ്രതീക്ഷയിലാണ് അക്താര്‍ ഹുസൈന്‍. 

Pehlu Khan

2017 ഏപ്രില്‍ ഒന്നിനു ഡല്‍ഹി-ജയ്പുര്‍ ദേശീയപാതയില്‍ ട്രക്കില്‍ പശുക്കളുമായി പോകുമ്പോഴാണ് അല്‍വറില്‍വെച്ച് പെഹ്ലുഖാനും മക്കള്‍ക്കും ട്രക്ക് ഡ്രൈവര്‍ക്കും ഗോരക്ഷകരുടെ ക്രൂരമര്‍ദനമേറ്റത്. ജയ്പുരിലെ ചന്തയില്‍നിന്നു വാങ്ങിയ കാലികളെ സ്വദേശമായ ഹരിയാണയിലേക്കു കൊണ്ടുപോകുകയായിരുന്നു അവര്‍. പരിക്കേറ്റ് അല്‍വറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെഹ്ലുഖാന്‍ രണ്ടുദിവസത്തിനുശേഷം മരിച്ചു.

മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊലപാതകം ഏറെ രാഷ്ട്രീയവിവാദം ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെഹ്ലുഖാന്റെ മക്കള്‍ക്കെതിരേ കാലിക്കടത്തിനു കുറ്റപത്രം നല്‍കിയതും വിവാദമായി. തുടര്‍ന്ന്, പുനരന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആള്‍ക്കൂട്ടാക്രമണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇതിനെതിരേ പ്രത്യേക നിയമവും അടുത്തിടെ പാസാക്കി.

content highlights: Then Why Did Court Reject Eyewitness Video as Evidence