പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അര്‍ധസെഞ്ച്വറിയുമാണ്(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 

ഇന്ത്യക്കെതിരായ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയില്‍ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്.  41 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് വെസ്റ്റീന്‍ഡീസിന് വേണ്ടി മികച്ച സ്‌കോര്‍ ചെയ്തതും. അഞ്ച് സിക്‌സുകളും എട്ട് ഫോറുകളുമാണ് ഗെയില്‍ ഈ മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയത്. എന്നാൽ തന്റെ ഏകദിന കരിയറിലെ അവസാന മാച്ചാണോ എന്നതരത്തിൽ അഭ്യൂഹം പരത്തിയതായിരുന്നു പുറത്തായി പോകുമ്പോൾ ഇന്ത്യൻ താരങ്ങൾ നൽകിയ യാത്രയയപ്പ്. 

ലോക കപ്പ് ക്രിക്കറ്റിന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വ്യക്തമാക്കിയിരുന്നെങ്കിലും ഗെയിൽ പിന്നീട് തീരുമാനം മാറ്റുകയും ഇന്ത്യക്കെതിരായ ഒ ഡി ഐ, ടെസ്റ്റ് സീരിസുകളിൽ കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 

അതേ സമയം വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് ഇന്ത്യയുടേത്. 

രോഹിത് ശര്‍മ(10), ശിഖര്‍ ധവാന്‍(36), റിഷഭ് പന്ത്(0)ശ്രേയസ് അയ്യര്‍(65) റണ്‍സുകള്‍ നേടി പുറത്താവുകയായിരുന്നു. വിരാട് കോലി(114) കേദാര്‍ ജാദവ്(19) റണ്‍സുകള്‍ നേടി പുറത്താകാതെ നിന്നു. 

99 ബോളുകളില്‍ നിന്ന് 14 ഫോറുകളുടെ തിളക്കവുമായാണ് കോലി ഇത്തവണ സെഞ്ച്വറിയിലേക്ക് എത്തിയത്. അഞ്ച് സിക്‌സുകളും മൂന്ന് ഫോറുകളും നേടി ശ്രേയസും ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ഏകദിന കരിയറിലെ 43 ാം സെഞ്ച്വറിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നാം ഏകദിനത്തില്‍ കോലി കുറിച്ചത്. സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 35 ഓവറില്‍ 240 റണ്‍സാണ് സ്വന്തമാക്കിയത്. ഇടയ്ക്ക് മഴ വില്ലനായതോടെ 35 ഓവറുകളിലേക്ക് ചുരുക്കുകയായിരുന്നു. 

Content Highlights: India vs West Indies Third ODI Cricket