ശ്രീനഗര്‍: കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സമാധാനപരം. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതിനിടെ, ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്നുള്ള രാത്രി സര്‍വീസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. 150 യാത്രക്കാരുമായി ആദ്യ വിമാനം രാത്രി 7.50ന് പറന്നുയരുമെന്നും അദ്ദേഹം പറഞ്ഞു. കാര്യമായ അക്രമ സംഭവങ്ങളൊന്നും താഴ്‌വരയില്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്. കശ്മീരിലെ ബദ്ഗാം, പുല്‍വാമ, അവന്തിപോര, ത്രാല്‍, ഗന്ധര്‍ബാല്‍, കുല്‍ഗാം, ബരാമുള്ള, ഷോപിയാന്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലും സ്വാതന്ത്ര ദിനാഘോഷങ്ങള്‍ നടന്നുവെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രധാന ചടങ്ങുകള്‍ ശ്രീനഗറിലാണ് നടന്നത്. ഷെര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ദേശീയ പതാക ഉയര്‍ത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചടങ്ങില്‍ പങ്കെടുത്തു. ബദ്ഗാമില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ താരിഖ് ഹുസൈന്‍ ഗാനെയ് ദേശീയ പതാക ഉയര്‍ത്തി. സുരക്ഷാ സേനയുടെ മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.

പുല്‍വാമയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയീദ് ആബിഷ് റാഷിദ് ഷായും ത്രാലിലും അനന്ത്‌നാഗിലും നടന്ന ചടങ്ങുകളില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും ദേശീയ പതാക ഉയര്‍ത്തി. ജനങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷാ സേനാംഗങ്ങളും ചടങ്ങുകളില്‍ സംബന്ധിച്ചു. കുല്‍ഗാം, അനന്തനാഗ്, ഷോപിയാന്‍, ബരാമുള്ള എന്നിവിടങ്ങളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content highlights: I-day went off peacefully in Kashmir : Principal secy Kansal