രാവിലെ കുളിച്ചു കുറിയിട്ടു കണ്ണാടിക്കു മുന്നില്‍ നിന്നു. മുടിയും താടിയും വെട്ടിയൊതുക്കിയവന്‍ കൊളളാം. പണി ചെയ്യാനറിയാവുന്നനെ ഏല്‍പിച്ചാല്‍ ഇങ്ങനെയിരിക്കും. കണ്ണാടിക്കു മുന്നില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ വല്ലാത്തൊരു സുഖമാണ്. കണ്ണാടി പോലെ ഇത്രയും മനോഹരമായൊരു സ്ഥലം ഈ ഭൂമിയില്‍ വേറെയില്ല. എത്രയോ സ്ഥലങ്ങളില്‍ പോയിരിക്കുന്നു. എത്രയോ നാടുകള്‍ കണ്ടിരിക്കുന്നു. പുതിയ ഭൂപ്രദേശങ്ങള്‍ കണ്ടെത്താന്‍ മാത്രം ഒരു പ്രത്യേക വകുപ്പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, കണ്ണാടിയുടെ നാലയലത്ത് ഒന്നു പോലും വരില്ല. 

കണ്ണാടിയാവുമ്പോള്‍ നമ്മള്‍ മാത്രമേയുള്ളു. നമ്മളെന്നു പറഞ്ഞാല്‍ ഞാനും കണ്ണാടിയിലെ ഞാനും. ഞാന്‍ മാത്രമുള്ള ഭാരതം. അതാണ് സ്വപ്നത്തിലെ കിണാശ്ശേരി. ഇതിപ്പോള്‍ വേറൊരുത്തന്‍  നമ്മളാവാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ആരാണ് അര്‍ജുനന്‍, ആരാണ് കൃഷ്ണന്‍ എന്നു ചോദിച്ചുകൊണ്ട് ചില പാമരന്മാരും രംഗത്തുണ്ട്. വാസ്തവത്തില്‍ ഒരാളേയുള്ളൂ. ഒരാള്‍ മാത്രം. അയാളാണ് കൃഷ്ണന്‍. അയാള്‍ തന്നെയാണ് അര്‍ജുനനും. ആ അയാളാണ് ഇപ്പോള്‍ കണ്ണാടിക്കുള്ളിലും പുറത്തുമുളളത്. ഇതിനെയാണ് ബ്രഹ്‌മജ്ഞാനം എന്നു പറയുന്നത്. 

ആദ്യത്തെ കണ്ണാടി വീടിനടുത്തെ കുളമായിരുന്നു. പുഴയെന്നോ തടാകമെന്നോ വിളിക്കാവുന്ന കുളം. സാഹസികത രക്തത്തിലുള്ളതാണ്. പേടി, തോല്‍വി എന്നീ വികാരങ്ങള്‍ അറിയില്ല. ഇവയൊക്കെ എന്താണെന്നറിയാന്‍ ചെക്കനെ കഴിഞ്ഞ ദിവസം രഹസ്യമായി വിളിച്ചിരുന്നു. ചെക്കന്‍ ഫോണെടുത്തില്ല. പേടി കിട്ടിയാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെയായിരിക്കാം പെരുമാറുന്നത്. പറഞ്ഞുവന്നത് പുഴയെക്കുറിച്ചാണ്. രാവിലെ പുഴയിലിറങ്ങിയാല്‍ കുടല്‍ പുറത്തെടുത്തിട്ട് കഴുകും. നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം അതാണ്. 

ഹിമാലയസാനുക്കളിലെ മഹര്‍ഷിമാരാണ് സംഗതി പഠിപ്പിച്ചത്. മഹാഭാരതത്തിലെ ഒരു ശ്ലോകത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയതെന്നും  മഹര്‍ഷിമാര്‍ പറഞ്ഞു. ആദ്യകാല ഡയാലിസിസ് ഇതായിരുന്നു. അല്ലെങ്കിലും ഈ ദേശത്ത് എല്ലാം ആദ്യം മുതലേ ഉണ്ടായിരുന്നു. വന്നുകയറിയ വരത്തന്മാര്‍ എല്ലാം മറച്ചുവെച്ചു. വിമാനങ്ങളെ മഴക്കാറുകള്‍ ദൃഷ്ടിഗോചരമല്ലാതാക്കുന്നതുപോലെ.

കണ്ണാടികളില്‍ കേമന്‍ ആറന്മുളയാണെന്ന് കേള്‍ക്കുന്നുണ്ട്. ആറന്മുളയില്‍ നിന്നൊരെണ്ണം വരുത്തിച്ചാലോ എന്ന് ആലോചിച്ചതാണ്. ഏതു വലിപ്പത്തിലുള്ള കണ്ണാടി വേണമെങ്കിലും എത്തിച്ചു തരാന്‍ ആളുണ്ട്. പക്ഷേ, ആറന്മുള കണ്ണാടിയില്‍ നോക്കിയാല്‍ ചെമ്പ് തെളിയും എന്നാണ് ഇന്റലിജന്‍സുകാര്‍ പറയുന്നത്. ഇന്റലിജന്‍സുകാര്‍ പറയുന്നത് അപ്പാടെ ഒരിക്കലും വിഴുങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഒരെണ്ണം രഹസ്യമായി വരുത്തിച്ചിരുന്നു. 

ഒരു വട്ടം, ഒരൊറ്റ തവണ മാത്രമേ നോക്കിയുള്ളൂ. സകല പടവും അതോടെ പൊഴിഞ്ഞുവീണു. ശരിക്കും പാമ്പ് പടം പൊഴിക്കുന്നതുപോലെയായിരുന്നു അത്. ദാ നില്‍ക്കുന്നു ശരിക്കുള്ള നമ്മള്‍. നാരായണഗുരു എന്നൊരാള്‍ കേരളത്തില്‍ പ്രതിഷ്ഠിച്ചത് ഇത്തരം കണ്ണാടിയായിരുന്നോ എന്നറിയില്ല. എന്തായാലും നമ്മുടെ കണ്ണാടി ഇതല്ല. ആ കണ്ണാടി ഇപ്പോള്‍ ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഈ ഭൂമിയില്‍ അതിന്റെ പൊടി പോലും ഉണ്ടാവരുതെന്ന് അന്നേ ഉറപ്പിച്ചിരുന്നു. നമുക്കാവശ്യമില്ലാത്തതിനെയൊക്കെ ചന്ദ്രനിലേക്ക് കയറ്റിവിടുക എന്നതാണല്ലോ അതിന്റെയൊരിത്.

നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നതാണ് നമ്മള്‍ കാണേണ്ടത്. കഴിഞ്ഞ ദിവസം അങ്ങ് ടെല്‍ അവീവില്‍ നിന്നും ചാരന്മാര്‍ കൊണ്ടുവന്ന കണ്ണട ബഹുകേമമാണ്. അതിലൂടെ നോക്കിയാല്‍ നമുക്കു വേണ്ട കാഴ്ചകള്‍ നമുക്കു കാണേണ്ടതുപോലെ കാണാം. ആ കണ്ണടയിലൂടെ കാശ്മീരിലേക്കൊന്നു നോക്കിയാല്‍ എന്താ ഒരു കാഴ്ച. ആഹ്ളാദം അലതല്ലുന്ന ദേശം. ഏറ്റവും പുതിയ ഐഫോണില്‍ വര്‍ത്തമാനം പറഞ്ഞും കളികള്‍ കളിച്ചും ഉല്ലസിക്കുന്നവര്‍, ഒരു പട്ടാളക്കാരന്‍ പോലുമില്ലാത്ത തെരുവുകള്‍. അന്തരീക്ഷം ത്രസിപ്പിച്ചുകൊണ്ടുയരുന്ന ബോലോ ഭാരത്മാതാ വിളികള്‍.

കണ്ണടയെന്നു പറഞ്ഞാല്‍ ഇതാണ്. വെറുതെയല്ല ജൂതന്മാര്‍ ഈ ലോകത്തിന്റെ തലയില്‍ കയറി ഇരിക്കുന്നത്. ഇതല്ല യാഥാര്‍ത്ഥ്യമെന്ന് ചില സാമൂഹ്യദ്രോഹികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ജനരോഷം അഗ്നിപര്‍വ്വതം പോലെ പുകയുകയാണെന്നും പല തെരുവുകളും പൊട്ടിത്തെറിയുടെ വക്കിലാണെന്നുമാണ് ആക്ഷേപം. ദേശദ്രോഹികള്‍ക്ക് ഈ രാജ്യത്ത് ഒരു പഞ്ഞവുമുണ്ടായിട്ടില്ല. സകലതിനെയും അടയാളപ്പെടുത്താന്‍ ചാത്തന്മാരോട്  പറഞ്ഞിട്ടുണ്ട്. ആദായ വകുപ്പിലെ ചാത്തന്മാരാണ് ഈ പണിക്ക് പറ്റിയത്. ഒരു മാതിരിപ്പെട്ടവര്‍ക്കൊന്നും ടിയാന്മാരുടെ അടുത്ത് പിടിച്ചുനില്‍ക്കാനാവില്ല.  

സാമ്പത്തിക മേഖലയാണെങ്കില്‍ വെച്ചടി വെച്ചടി കയറ്റമാണ്. പഠിപ്പു കഴിയുന്നതിനു മുന്‍പേ ചെറുപ്പക്കാരെ കമ്പനികള്‍ റാഞ്ചുകയാണ്. തൊഴിലില്ലായ്മ എന്നൊലെന്താണെന്ന് ഒരു പിടിയുമില്ല. അതറിയാനും ഇനിയിപ്പോള്‍ ചെക്കനെ വിളിക്കേണ്ടി വരും. കാശ്മീരില്‍ പോണം, കാശ്മീരില്‍ പോണം എന്ന പിടിവാശിയിലാണ് ചെക്കന്‍. ചെക്കന്റെ വീട്ടിനുമുന്നില്‍ ഒരു കണ്ണട കൊണ്ടുപോയിടാന്‍ ചട്ടം കെട്ടിയിട്ടുണ്ട്. പെങ്ങളൂട്ടിയുടെ വീട്ടില്‍ ഒരു കണ്ണട ഇട്ടെങ്കിലും ഫലമുണ്ടായില്ല. ബ്രാന്റഡല്ലാത്ത ഒരു സംഗതിയും പെരയ്ക്കകത്ത് കേറ്റരുതെന്ന് പറഞ്ഞ് കെട്ടിയോന്‍ കണ്ണട ചവിട്ടിപ്പൊട്ടിച്ചെന്നാണ് വിവരം. 

കണ്ണടയുടെ നിര്‍മ്മാണ രഹസ്യം ലഭിക്കാന്‍ ധാരണയായിട്ടുണ്ട്. അതൊന്നു കിട്ടിയിട്ടുവേണം ഒരു കളി കളിക്കാന്‍. ആധാറിനൊപ്പം  കണ്ണടയും നിര്‍ബ്ബന്ധമാക്കും. സര്‍ക്കാര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ പൗരസമൂഹവും കാണുന്ന അവസ്ഥ പോലെ ആനന്ദകരമായി മറ്റെന്താണുള്ളത്. ഇവിഎമ്മിന്റെ ദുഷ്പേര് ഇതോടെ പോയിക്കിട്ടുമെന്നാണ് ടെല്‍അവീവുകാര്‍ പറയുന്നത്. കണ്ണാടിയും കണ്ണടയുമുള്ളപ്പോള്‍ ഒരു പ്രശ്നവുമില്ല.  ഇവിടെ ഈ കൊട്ടാരത്തില്‍ സ്വസ്ഥമായിരിക്കാം. 

ദാ .... ഇവിടെയിരുന്ന് നമ്മള്‍ സുന്ദര സുരഭില ലോകം തീര്‍ക്കും. വിവരദോഷികള്‍ അതിനെ വെള്ളരിക്കാപട്ടണങ്ങളെന്ന് വിളിച്ചേക്കാം. പക്ഷേ, ചരിത്രം നമ്മളെ വിപ്ലവകാരിയെന്നായിരിക്കും വിളിക്കുക. പുതിയ ലോകവും പുതിയ ആകാശവും തീര്‍ത്ത വിപ്ലവ സിങ്കം. കണ്ണട ധരിച്ചവര്‍ എഴുതുകയും കണ്ണട ധരിച്ചവര്‍ വായിക്കുകയും ചെയ്യുന്ന ചരിത്രം. കണ്ണട വിപ്ലവം നീണാള്‍ വാഴട്ടെ!         

Content Highlights: Kashmir Issue