കോട്ടയം: വിവാദം സൃഷ്ടിച്ച കെവിൻ കൊലക്കേസിൽ കോട്ടയത്തെ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും. ദുരഭിമാനക്കൊലയെന്നപേരിൽ ചർച്ചചെയ്യപ്പെട്ട കേസിൽ മൂന്നുമാസംകൊണ്ടാണ് വിചാരണ പൂർത്തിയായത്.

കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫ്(24) 2018 മേയ് 28-നാണ്‌ കൊല്ലപ്പെട്ടത്. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചിരുന്നു. ഇതിലുള്ള വിരോധത്താൽ, നീനുവിന്റെ അച്ഛനും സഹോദരനും സംഘവുംചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ്‌ കേസ്.

നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷാനു ചാക്കോയുമടക്കം 14 പ്രതികളുണ്ട്. ഒൻപതുപേർ ജയിലിലാണ്; അഞ്ചുപേർ ജാമ്യത്തിലും. ഏപ്രിൽ 26-ന്‌ വിചാരണ തുടങ്ങി. 90 ദിവസം വിചാരണ നടന്നു. 113 സാക്ഷികളുണ്ട്.

മേയ് 27-ന് രാത്രി കെവിൻ മാന്നാനത്തെ സുഹൃത്ത് അനീഷിന്റെ വീട്ടിൽ പോയിരുന്നു. അവിടെനിന്നാണ് കെവിനെയും അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന്, തെന്മല ചാലിയേക്കര തോട്ടിൽ കെവിന്റെ മൃതദേഹം കണ്ടെത്തി.

Content Highlights: Kevin Murder case Verdict today