മോസ്‌കോ: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്-കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്.

മോസ്‌കോയില്‍ നിന്ന് ക്രിമിയയിലേക്ക് പോവുകയായിരുന്നു വിമാനം. വ്യാഴാഴ്ച രാവിലെ മോസ്‌കോയിലെ സുകോവ്‌സ്‌കി വിമാനത്തവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ് നടത്താന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്തെ കൃഷിപ്പാടത്ത് അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിന്നുപോയ എഞ്ചിനുമായാണ് വിമാനം പാടത്ത് ലാന്‍ഡ് ചെയ്തത്. 

moscow

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് മാത്രമാണ് സാരമായ പരിക്കുള്ളത്. 41 കാരനായ ദാമിര്‍ യൂസുപോവായിരുന്നു വിമാനത്തിന്റെ പൈലറ്റ്. റൊമന്‍സ്‌കിലെ മഹത്ഭുതം എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

പൈലറ്റ് ദാമിര്‍ യൂസുപവ് വീര നായകനാണെന്ന് റഷ്യന്‍ മാധ്യമമായ പ്രാവ്ദ വിശേഷിപ്പിച്ചു. 233 പേരുടെ ജീവന്‍ രക്ഷിച്ച യൂസുപോവും സഹപ്രവര്‍ത്തകരും നായകന്മാരാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

content highlights: Russian Plane Hits Birds Minute After Takeoff