കൽപ്പറ്റ: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. 

പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍ പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നല്‍കിയെന്നും ഇതുവരെ അത് പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതി. 2017 ലാണ് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാക്ക് നല്‍കിയത്.

2018 പ്രളയത്തില്‍ ആ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. വീട് വച്ചു നല്‍കാമെന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ വാഗ്ദാനം നില നില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ പറയുന്നു.

കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിംഗില്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോളനി നിവാസികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശിച്ചത്.

Content Highlights:  cheating case filed by tribals against Manju Warrier Foundation, Wayanad, Legal Service Authority asked actress to appear at Office, on Monday