മുംബൈ: സ്‌പൈസ് ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ തെന്നിമാറിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി അടച്ച പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം വ്യാഴാഴ്ചയും സാധാരണ നിലയിലാകാന്‍ ഇടയില്ല. അപകടത്തില്‍പ്പെട്ട വിമാനം പൂര്‍ണമായും നീക്കംചെയ്യാന്‍ കഴിയാത്തതിനാലാണിത്.

പ്രധാന റണ്‍വേ അടച്ചതുമൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുംബൈയില്‍നിന്നുള്ള 280 വിമാന  സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. രണ്ടാമത്തെ റണ്‍വേ ഉപയോഗിച്ച് മാത്രമാണ് ഇപ്പോള്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിവരെ പ്രധാന റണ്‍വേ പ്രവര്‍ത്തിക്കില്ലെന്നത് സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് വിമാനത്താവള അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ജയ്പൂരില്‍നിന്ന് 167 യാത്രക്കാരുമായി എത്തിയ സ്‌പൈസ്‌ജെറ്റ് വിമാനം ജൂലായ് ഒന്നിനാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. അപകടത്തില്‍പ്പെട്ട വിമാനം റണ്‍വേയ്ക്ക് സമീപത്തുനിന്ന് ഇതുവരെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ചയോടെ പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

Content Highlights: Mumbai airport, Main Runway, Spicejet