ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ രൂപരേഖ എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള രാജ്യത്തിന്റെ മുന്നേറ്റമാണ് സാമ്പത്തിക സര്‍വേയില്‍ കാണാനാവുകയെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളാണ് സാമ്പത്തിക സര്‍വേ മുന്നോട്ടുവെക്കുന്നത്. ഊര്‍ജമേഖലയുടെയും സാങ്കേതിക മേഖലയുടെയും വളര്‍ച്ചയും സാമൂഹ്യമായ അഭിവൃദ്ധിയും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. സാമ്പത്തിക സര്‍വേ വായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്കും അദ്ദേഹം ട്വീറ്റില്‍ പങ്കുവെക്കുന്നു.

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ കുതിപ്പുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.8ല്‍നിന്ന് ഏഴ് ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതു ധനക്കമ്മി 2019 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായി കുറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതെന്നും സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തികസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് നാളെ ബജറ്റ് അവതരിപ്പിക്കുന്നത്.

Content Highlights: Economic Survey, Vision To Achieve $5 Trillion Economy, Narendra Modi