തൃശ്ശൂർ: ഭർത്താവിനെ കാണാനില്ലെന്ന നടി ആശാ ശരത്തിന്റെ ‘പറ്റിക്കൽ പോസ്റ്റിൽ’ കുഴങ്ങി കട്ടപ്പന പോലീസ്. ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ‘ഭർത്താവിനെ’ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞുള്ള വീഡിയോ അവർ ഫെയ്സ്‌ബുക്കിൽ പോസ്റ്റുചെയ്തത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അഭ്യർഥിച്ചിരുന്നു.

വീഡിയോ കണ്ട ചിലർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോൺ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്.ഐ. സന്തോഷ് സജീവൻ പറഞ്ഞു.

മേക്കപ്പില്ലാതെ ‘ദുഃഖിത’യായാണ് ആശ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഗതി പറ്റിക്കലാണെന്നറിയാതെ ആയിരക്കണക്കിനുപേർ വീഡിയോ ഷെയർ ചെയ്തു. കളിപ്പിക്കലാണെന്ന വാർത്ത പുറത്തുവന്നതോടെ ആശയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവർ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകർക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രധാന വിമർശനം.

എന്നാൽ, ഇതൊരു പ്രമോഷണൽ വീഡിയോ ആണെന്ന് വ്യക്തമാക്കിത്തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന് ആശാ ശരത്ത് പ്രതികരിച്ചു.

‘വീഡിയോയുടെ തുടക്കത്തിലും അവസാനത്തിലും ചിത്രത്തിന്റെ പ്രമോഷണൽ വീഡിയോ ആണെന്ന് പറയുന്നുണ്ട്. ചിത്രത്തിന്റെ കഥാപാത്രമായാണ് അതിൽ പ്രത്യക്ഷപ്പെട്ടത്. അതിൽനിന്നും ചില ഭാഗങ്ങൾ അടർത്തിമാറ്റി പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ആദ്യതവണ പോസ്റ്റുചെയ്തശേഷം തെറ്റിദ്ധരിക്കുമോ എന്നുതോന്നിയപ്പോൾ പ്രമോഷണൽ വീഡിയോ എന്ന് ചിത്രത്തിന്റെ പേരുംചേർത്ത് വീണ്ടും ഹാഷ് ടാഗ് ചെയ്തിരുന്നു.’

ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി

പോലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി. ഐ.പി.സി. 107, 117, 182 വകുപ്പുകൾ, ഐ.ടി. ആക്ട്- സി.ആർ.പി.സി. വകുപ്പുകൾ, കേരള പോലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി ലോക്‌സഭയിൽ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടി.

Content HIghlights: asha sharath evide promotion video went wrong, kattappana police station,