തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ പോലീസ് പ്രതിചേര്‍ത്ത മുപ്പത് പ്രതികളില്‍ ഒരാളാണ് നേമം സ്വദേശിയായ ഇജാബ്. എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.

സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് പറയുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഇജാബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമേ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരില്‍ ഒരാളാണ് അറസ്റ്റിലായ ഇജാബ്. അതിനിടെ, സംഭവം നടന്ന് മൂന്ന് ദിവസം കഴിയുമ്പോഴും അഖിലിനെ കുത്തിയ മുഖ്യപ്രതികളെ പിടികൂടാത്തതില്‍ പോലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. നഗര മധ്യത്തിലെ കോളേജ് ഹോസ്റ്റലുകളിലോ പിഎംജിയിലെ സ്റ്റുഡന്റ് സെന്ററിലോ പോലീസ് പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

Content Highlights: University college conflict,  SFI unit member arrested