വാഗ: കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ച വിജയം. ഇന്ത്യ ഉന്നയിച്ച മിക്ക ആവശ്യങ്ങളും പാകിസ്താന്‍ അംഗീകരിച്ചു. നവംബറോടെ കര്‍താപുര്‍ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കും. പാസ്‌പോര്‍ട്ടുള്ളവര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കും വിസയില്ലാതെ പാകിസ്താനിലെത്താം. ദിവസവും 5000 തീര്‍ഥാടകരെ അനുവദിക്കണമെന്ന ആവശ്യം അടക്കമുള്ളവയാണ് അംഗീകരിച്ചിട്ടുള്ളത്.

ദിവസവും 5000 തീര്‍ഥാടകരെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും പ്രത്യേക സാഹചര്യങ്ങളില്‍ 10,000 തീര്‍ഥാടകരെ വരെ അനുവദിക്കണമെന്നും ആയിരുന്നു ഇന്ത്യയുടെ ആവശ്യം. 10,000 തീര്‍ഥാടകരെ അനുവദിക്കുന്നകാര്യം പിന്നീട് പരിഗണിക്കാമെന്നാണ് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്താന്‍ ഭാഗത്ത് പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴി യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് ഇന്ത്യ-പാക് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട ചര്‍ച്ചയാണ് പൂര്‍ത്തിയായത്. ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ്.സി.എല്‍ ദാസ്, വിദേശ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദീപക് മിത്തല്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലാണ് പാകിസ്താന്‍ സംഘം ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാലുകിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണിത്.

Content Highlights: Kartarpur corridor, India-  Pakistan