കൊല്‍ക്കത്ത: ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂലായ് 21 ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങുകയെന്നതാണെന്ന് അവര്‍ അവകാശപ്പെട്ടു.

2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുകാട്ടിയെന്ന് അവര്‍ ആരോപിച്ചു. 'വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്യാത്തപക്ഷം ബിജെപിക്ക് വിജയിക്കാന്‍ കഴിയില്ലായിരുന്നു. തിരഞ്ഞെടുപ്പിനിടെ പല വോട്ടിങ് യന്ത്രങ്ങളും കേടായപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കാത്ത പുതിയ യന്ത്രങ്ങളാണ് എത്തിച്ചത്. അത് ആസൂത്രിതം ആയിരുന്നുവോയെന്ന് ആര്‍ക്കറിയാം ? പുതിയ യന്ത്രങ്ങളുടെ വിശ്വാസ്യത ആരെങ്കിലും പരിശോധിച്ചുവോ'- അവര്‍ ചോദിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഉപയോഗിക്കേണ്ടതില്ല എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ബലാറ്റ് പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടുചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ നേരത്തെ പ്രക്ഷോഭം നടത്തിയിരുന്നു. 13 പ്രവര്‍ത്തകര്‍ക്കാണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അന്ന് ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

Content Highlights: EVM, Ballot papers, Mamata Banerjee