മുംബൈ; നാസിക്കില്‍ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു. സാമ്പത്തിക ഇടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരനായ സജു സാമുവലാണ് മരിച്ചത്. മാവേലിക്കര സ്വദേശിയാണ് സജു സാമുവല്‍. സംഭവത്തില്‍ മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

നാസിക്കിലെ ഉന്ദ്വാഡി പ്രദേശത്തുള്ള മുത്തൂറ്റ് ഫിനാന്‍സിലാണ് ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച കവര്‍ച്ചക്കാര്‍ ബാങ്ക് ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറുകയും വെടിയുതിര്‍ത്ത് ജീവനക്കാരെയും ഇടപാടുകാരെയും ഭയപ്പെടുത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയുമായിരുന്നു. 

സംഭവസമയത്ത് അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെയും ഇടപാടുകാരുടെയും കൈയില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പണം കവരാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാരിലൊരാള്‍ അപകട മുന്നറിയിപ്പ് നല്‍കുന്ന സൈറന്‍ ഓണ്‍ ചെയ്തു. ഇതോടെ കവര്‍ച്ചക്കാര്‍ പരിഭ്രാന്തരാകുകയും ജീവനക്കാര്‍ക്കു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലക്ഷ്മികാന്ത് പാട്ടീല്‍ പറഞ്ഞു.

കവര്‍ച്ചക്കാര്‍ അഞ്ച് റൗണ്ട് വെടിവെച്ചു. വെടിയേറ്റ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ സജു സാമുവേല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബ്രാഞ്ച് മാനേജര്‍ സി.ബി ദേശ്പാണ്ഡേ (64), മറ്റൊരു ജീവനക്കാരനായ കൈലാഷ് ജയിന്‍ (25) എന്നിവര്‍ക്കും മറ്റൊരു ജീവനക്കാരനും വെടിവെപ്പില്‍ പരിക്കേറ്റു. മരിച്ച സജുവിന്റെ മൃതദേഹം നാസക്കിലെ സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: keralite killed, robbers open fire in gold finance firm, Nashik