ഗൊരഖ്പുര്‍: പ്രസവത്തെക്കുറിച്ച് വീഡിയോ ദൃശ്യങ്ങൾ കണ്ട് മനസിലാക്കിയ ശേഷം വാടകമുറിയില്‍ ആരും അടുത്തില്ലാതെ ഒറ്റക്ക് പ്രസവിച്ച അവിവാഹിതയായ യുവതിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ബിലാന്ദര്‍പുരിലാണ് സംഭവം.

ബഹ്‌റെയ്ച്ച് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ബിലാന്ദര്‍പുരില്‍ എത്തുകയും മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുവതിയുടെ മുറിക്ക് പുറത്തേക്ക് രക്തം ഒഴുകി വരുന്നത് അടുത്ത മുറികളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് യുവതിയും കുഞ്ഞും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. 

കഴിഞ്ഞ നാല് വര്‍ഷമായി ഗൊരഖ്പൂരില്‍ താമസിച്ച് മത്സരപരീക്ഷകള്‍ക്കായി തയാറെടുക്കുകയായിരുന്നു യുവതി. മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്ന് പോലീസ് അറിയിച്ചു. 

അതേ സമയം സംഭവത്തില്‍ പരാതിപ്പെടുകയോ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബം തയാറാകുകയോ ചെയ്യാത്ത സാഹചര്യത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കാണ്ട് പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ വ്യക്തമാക്കി. 

Content Highlights: Unmarried woman watches video on how to deliver baby dies while giving birth alone