News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

ആള്‍ക്കൂട്ട കൊലപാതകം: ആറുപേര്‍ കൂടി അറസ്‌റ്റില്‍

featured image
uploads/news/2019/03/294100/c4.jpg

കാക്കനാട്‌: ജിബിന്‍ വധക്കേസിലെ പ്രതികളില്‍ ആറു പേര്‍ കൂടി അറസ്‌റ്റിലായി. തൃക്കാക്കര പോലീസ്‌ ഇന്നലെ കസ്‌റ്റഡിയിലെടുത്ത പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ആലുവ ശ്രീഭൂതപുരം ഉണപ്പാടത്ത്‌ വീട്ടില്‍ അനീസ്‌ (34), കാക്കനാട്‌ ഓലിമുകള്‍ ബിസ്‌മിനഗറില്‍ പടന്നാട്ട്‌ വീട്ടില്‍ അസീസ്‌ (47) ചിറ്റേത്തുകര ജില്ലാ ജയിലിനു സമീപം കണ്ണങ്കേരി വീട്ടില്‍ നിസാര്‍ (19), വാഴക്കാല ഓലിക്കുഴി കുണ്ടുവേലില്‍ വീട്ടില്‍ കെ.പി.സലാം (42) വാഴക്കാല കുണ്ടുവേലിവീട്ടില്‍ ഹസൈനാര്‍ (47) കാക്കനാട്‌ ഓലിമുകള്‍ ഉള്ളം പിള്ളി വീട്ടില്‍ വി.കെ. ഷിഹാബ്‌ (33) എന്നിവരാണ്‌ ഇന്നലെ അറസ്‌റ്റിലായത്‌.

നേരത്തെ അറസ്‌റ്റിലായ ഏഴു പ്രതികളെ തിങ്കളാഴ്‌ച സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചശേഷം വൈകുന്നേരം കോടതിയില്‍ ഹാജരാക്കി കാക്കനാട്‌ ജില്ലാ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. സംഘം ചേര്‍ന്ന്‌ നടത്തിയ കൊലപാതകത്തില്‍ 14 പേരാണ്‌ പ്രതികള്‍. ഇവരില്‍ 13 പേരുടെ അറസ്‌റ്റാണ്‌ ഇതുവരെ നടന്നത്‌. പ്രതികളില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്‌. അറസ്‌റ്റ്‌ രേഖപ്പെടുത്തിയ പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

കസ്‌റ്റഡിയിലായ പ്രതികളും ജിബിന്‍ വര്‍ഗീസിനെ മര്‍ദ്ദിച്ചവീട്ടിലെ സ്‌ത്രീകളും നല്‍കിയ വിവരം അനുസരിച്ചാണ്‌ കൊലപാതക കേസില്‍ 14 പ്രതികളെ തിരിച്ചറിഞ്ഞത്‌. ആള്‍ക്കൂട്ടകൊലപാതകത്തിലെ പ്രതികളില്‍ പലരും 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കുന്നവരാണ്‌. മുന്‍ നഗരസഭ കൗണ്‍സിലര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയ സാധ്യതയല്ലെന്ന നിയമോപദേശമാണ്‌ കീഴടങ്ങലിന്‌ കാരണമായത്‌. റോഡപകടം മൂലമുള്ള മരണമെന്ന്‌ ആദ്യം കരുതിയ ജിബിന്റെ മരണം കൊലപാതകം തന്നെയെന്ന്‌ മൂന്ന്‌ മണിക്കൂറിനുള്ളില്‍ തന്നെ പോലീസ്‌ കണ്ടെത്തി. അജ്‌ഞാത വാഹനം ഇടിച്ചാണ്‌ വെണ്ണല ചക്കര പറമ്പ്‌ സ്വദേശി ജിബിന്റെ മരണമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍.

No comments:

Post a Comment