തൊടുപുഴ: കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച് പി.ജെ. ജോസഫ്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. 

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം നീതിപൂര്‍വ്വമല്ലെന്ന് പ്രതികരിച്ച അദ്ദേഹം തന്റെ നിലപാട് യു.ഡി.എഫ്. നേതാക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി. 

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ്(എം) കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പി.ജെ. ജോസഫ് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു മാണിവിഭാഗത്തിന്റെ തീരുമാനം. ഇതിനുപിന്നാലെ പി.ജെ. ജോസഫ് വിഭാഗം ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. 

Content Highlights: kerala congress declared candidate in kottayam, pj joseph's comment against km mani and party