കൊച്ചി: എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, പരീക്ഷയെഴുതാൻ സവിശേഷസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികളുടെയും പട്ടിക പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്. പട്ടിക വന്നാലേ ഏതു തരത്തിലുള്ള സഹായമാണ് കുട്ടികൾക്ക് അനുവദിച്ചിട്ടുള്ളതെന്ന് അറിയാനാവൂ. പഠനവൈകല്യമുള്ള വിഭാഗം കുട്ടികളിൽ 90-നു മുകളിൽ ഐ.ക്യു. (ബുദ്ധിമാനം) ഉള്ളവർക്കേ സ്ക്രൈബിന്റെയോ വ്യാഖ്യാതാവിന്റെയോ സേവനം ലഭിക്കൂവെന്നാണ് വകുപ്പിന്റെ നിലപാട്. അവരുടെ മാത്രം പട്ടിക ചില ജില്ലകളിൽ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനവൈകല്യമുള്ള കുട്ടികൾ പറഞ്ഞുകൊടുക്കുന്ന ഉത്തരങ്ങൾ എഴുതുകയാണ് സ്ക്രൈബിന്റെ ചുമതല. ചോദ്യം വിശദീകരിച്ചുകൊടുത്ത് കുട്ടിയെ ഉത്തരത്തിലേക്ക് എത്തിക്കുകയാണ് വ്യഖ്യാതാവ് ചെയ്യുന്നത്. വ്യാഖ്യാതാവ് അധ്യാപകർ തന്നെയാകും. മുൻവർഷങ്ങളിൽ 71 മുതൽ 89 വരെ ഐ.ക്യു. ഉള്ളവർക്കും സ്ക്രൈബിന്റെയോ വ്യാഖ്യാതാവിന്റെയോ സഹായം ലഭിച്ചിരുന്നു. ഇവർക്ക് ഇക്കുറി പരിക്ഷയെഴുതാൻ അധികസമയം അനുവദിക്കുക മാത്രമേ ചെയ്യൂവെന്നാണ് അറിയുന്നത്. അധികസമയം അനുവദിച്ചതുകൊണ്ട് ഇവർക്ക് പ്രയോജനവുമുണ്ടാവില്ലെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.

ആശങ്കയിൽ രക്ഷിതാക്കൾ

പരീക്ഷ തുടങ്ങാറായിട്ടും പൂർണമായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. കുട്ടികൾക്ക് സഹായം നിഷേധിക്കുകയാണെങ്കിൽ അധികാരികളെ സമിപിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനപ്രശ്നം. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ അഭ്യർഥനയെ തുടർന്ന് അധ്യാപകർ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും കാത്തിരിക്കാനാണ് മറുപടി.

ആവശ്യമുള്ള കുട്ടികൾക്ക് സ്ക്രൈബിനെയോ വ്യാഖ്യാതാവിനെയോ നിഷേധിച്ചാൽ അവർ തോൽക്കുമെന്ന് അധ്യാപകർ പറയുന്നു. പിന്നീട് പ്രൈവറ്റായി വേണം പരീക്ഷയെഴുതാൻ. അവിടെ ഇതുപോലെ സവിശേഷ സഹായം ലഭിക്കാൻ വ്യവസ്ഥയില്ല.

Content Highlights: SSLC Examinations, Disabled students