ന്യൂഡല്‍ഹി: പുല്‍വാമ ഭീകാരക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന്  കാണ്ഡഹാറിൽ കൊണ്ടുപോയി മോചിപ്പിച്ചതിൽ ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. മസൂദ് അസ്ഹറിനെ പാകിസ്താന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്റീലുടെ ഉന്നയിച്ചിരിക്കുന്ന ആരോപണം. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. 

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവന്‍ കവര്‍ന്ന മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് മസ്ഹൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് തിരികെ അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്നും അതിനോടൊപ്പം പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹർ എന്നാണ്. 1999ല്‍ ബിജെപി സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച് പാകിസ്താനിലേയ്ക്ക് അയച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? 40 ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്താന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍, ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം ഭീകരര്‍ തട്ടിയെടുക്കുകയും വിലപേശുകയും ചെയ്തതിനെ തുടര്‍ന്നാണ് 1999ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പാക് തീവ്രവാദിയായ മസൂദ് അസ്ഹറിനെ വിട്ടയച്ചത്.

Content Highlights:  Masood Azhar-ajit doval-Kandahar-pulawama terror attack-rahul gandhi