കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നീക്കം പാളി. ജോസഫിനെ വെട്ടി മാണിവിഭാഗം, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

തിങ്കളാഴ്ചനടന്ന പാര്‍ട്ടി ലോക്സഭാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ രാത്രി 9.15-ഓടെയാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചാഴിക്കാടന്റെ സ്ഥാനാര്‍ഥിത്വം പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും രംഗത്തിറക്കിയാണ് മാണിവിഭാഗം പ്രതിരോധിച്ചത്. പടലപ്പിണക്കങ്ങളുടെ അന്തരീക്ഷത്തില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.

2010 മേയ് 27-നാണ് ഇരുവിഭാഗവും ലയിച്ചത്. യു.ഡി.എഫിന്റെ ഇടപെടലാണ് ഇനി നിര്‍ണായകമാകുക. ജോസ് കെ. മാണിയുടെ നേതൃത്വത്തിലായിരുന്നു മാണിവിഭാഗത്തിന്റെ കരുനീക്കം.

ജോസഫ് അമര്‍ഷത്തില്‍

മാണിയുെട നീക്കത്തില്‍ അമര്‍ഷംപൂണ്ട പി.ജെ. ജോസഫ് തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍ ഗ്രൂപ്പുയോഗം ചേര്‍ന്നു. സ്ഥാനാര്‍ഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജോസഫ്. ഞായറാഴ്ച പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയോഗം കോട്ടയത്ത് ചേര്‍ന്നിരുന്നു. ഈ യോഗത്തിലും തന്റെ താത്പര്യം ജോസഫ് ആവര്‍ത്തിച്ചു.

ലോക്സഭാ മണ്ഡലത്തിലെ നേതാക്കളുടെ അഭിപ്രായം തേടിയശേഷം തീരുമാനം പ്രഖ്യാപിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. പാലായില്‍ കെ.എം. മാണിയുടെ വസതിയിലായിരുന്നു തിങ്കളാഴ്ച പകല്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച. യോഗത്തിനെത്തിയ ആറു നിയോജകമണ്ഡലം കമ്മിറ്റികളും ജോസഫിനെതിരേ നിലപാടെടുത്തു. 59 മണ്ഡലം പ്രസിഡന്റുമാരും ആറു നിയോജകമണ്ഡലം പ്രസിഡന്റുമാരുമാണ് അഭിപ്രായമറിയിക്കാനെത്തിയത്.

ജോസഫ് മത്സരിച്ചേക്കും

പാര്‍ട്ടിസ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കിലും കോട്ടയത്ത് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ജോസഫെന്നാണ് സൂചന. എതിര്‍മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ കോട്ടയത്ത് പ്രചാരണം തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിജയസാധ്യതയെ ബാധിക്കുമെന്ന കടുത്ത ആശങ്കയിലാണ് യു.ഡി.എഫ്. നേതൃത്വം.