ന്യൂയോര്‍ക്ക്: അമേരിക്ക ഏറെക്കാലം അന്വേഷിച്ചിട്ടും പിടികിട്ടാത്ത താലിബാന്‍ നേതാവ് മുല്ല ഒമര്‍ താമസിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന്റെ തൊട്ടടുത്തായിരുന്നെന്ന് വെളിപ്പെടുത്തല്‍. 2006 മുതല്‍ അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഡച്ച് മാധ്യമപ്രവര്‍ത്തകനായ ബെറ്റെ ഡാം രചിച്ച 'സെര്‍ച്ചിങ് ഫോര്‍ ദ എനിമി' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകളുള്ളത്.

ഇദ്ദേഹം താമസിച്ചിരുന്ന വീട് അമേരിക്കന്‍ കമാന്‍ഡോകള്‍ ഒരു തവണ വളഞ്ഞ് പരിശോധിച്ചെങ്കിലും രഹസ്യ മുറിയിലായിരുന്ന മുല്ല ഒമറിനെ പിടികൂൂന്‍ സാധിച്ചില്ലെന്നും അടുത്തിടെ ഇറങ്ങിയ ജീവചരിത്ര പുസ്തകത്തില്‍ പറയുന്നു. ഇത് ലോകം മുഴുവന്‍ പ്രശംസിക്കപ്പെടുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വലിയ പരാജയങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നതെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2001-ലെ അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക ഇയാളുടെ തലയ്ക്ക് പത്ത് മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പാകിസ്താനിലാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അവിടെത്തന്നെ മരണപ്പെട്ടുവെന്നുമായിരുന്നു അമേരിക്കയുടെ വാദം. 

ആഗോളതലത്തില്‍ തന്റെ പേരില്‍ പ്രസ്താവനകള്‍ പുറത്തിറങ്ങുമ്പോഴും തന്റെ കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നത്രേ ഇയാള്‍. ആ സമയത്ത് ഒമര്‍ സ്ഥിരമായി ബി.ബി.സിയുടെ അഫ്ഗാനി ഭാഷയിലെ സംപ്രേക്ഷണങ്ങള്‍ കേട്ടിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു. 

content highlights: Taliban leader Mullah Omar lived short walk from US base