കാഞ്ഞങ്ങാട്: കേരളത്തെ നടുക്കിയ മഹാപ്രളയത്തിനിടയിൽ മൊട്ടിട്ട പ്രണയത്തിന് മീനം രണ്ടിന് താലികെട്ട്. രാവണീശ്വരം മാക്കിയിലെ ബിനു(33)വിന്റെയും മാവേലിക്കര തഴക്കരയിലെ ദീപ്തി(25)യുടെയും എട്ടുമാസത്തോളം നീണ്ട പ്രണയമാണ് ശനിയാഴ്ച താലികെട്ടോടെ പൂവണിയുന്നത്. തഴക്കരയിലെ വാലയ്യത്ത് വീട്ടിൽ മോഹനന്റെയും ഉഷയുടെയും മകളാണ് ദീപ്തി. കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയിലെ കീപ്പാട്ട് വീട്ടിലെ കെ.വി.അമ്മാളുവിന്റെയും പരേതനായ ടി.ആണ്ടിയുടെയും മകനാണ് കെ.ബിനു.

പ്രളയത്തിനുശേഷം ദുരിതാശ്വാസ പ്രവർത്തനത്തിനായാണ് പെരിയയിലെ ഗണേശ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ സൗണ്ട് എൻജിനീയർ ബിനു ഉൾപ്പെട്ട കനൽ പാട്ടുകൂട്ടം വാട്‌സാപ്പ് കൂട്ടായ്മ പ്രവർത്തകർ മാവേലിക്കരയിലെത്തിയത്. കൂട്ടായ്മയിൽ അംഗമായ മാവേലിക്കര തഴക്കരയിലെ ദീപ്തിയുടെ വീട്ടിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇവർ പോയി. ദീപ്തിയുടെ വീട്ടുകാരുമായി സൗഹൃദം പങ്കുവെക്കുന്നതിനിടിയൽ ബിനുവിന്റെ കുടുംബകാര്യവും ചർച്ചയായി.

മുപ്പത് കഴിഞ്ഞിട്ടും കല്യാണമായില്ലേ എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ മുന്നിൽ ആദ്യമൊന്ന്‌ ചൂളിയെങ്കിലും ബിനുവിന്റെ കൃത്യമായ മറുപടി പിന്നാലെ വന്നു. ‘കാസർകോട് പെണ്ണ് കിട്ടാൻ വളരെ കഷ്ടാണ്... ആർക്കും തൊഴിലാളികളെ വേണ്ട... എല്ലാ പെൺകുട്ടികൾക്കും സർക്കാർ ഉദ്യോഗസ്ഥന്മാരെ മതി... അതുമല്ലെങ്കിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്ന ചെക്കൻന്മാരെ...ഇതിലൊന്നും പെടാത്തവരുടെ കാര്യം കഷ്ടമാണ്...’

ഇതോടെ ബിനുവിന്റെ കാര്യം കൂട്ടായ്മയിൽ ചർച്ചയായി. ഇതൊക്കെ കേട്ട് ദീപ്തിയും കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടെ ബിനു ദീപ്തിയോട് തന്റെ പ്രണയം അറിയിച്ചു. ഒരു ചെറുപുഞ്ചിരിമാത്രമായിരുന്നു പ്രതികരണം. പിന്നീട് ദീപ്തിയുടെ അച്ഛനും അമ്മയും അടുത്ത ദിവസം കാസർകോട്ട് വരുന്നുണ്ടെന്നും വീടും ചുറ്റുപാടും കാണണമെന്നും അറിയിച്ചപ്പോൾ ബിനു ശരിക്കും ഞെട്ടി. എറണാകുളത്ത് സ്വകാര്യ ആസ്പത്രിയിൽ നഴ്‌സാണ് ദീപ്തി.

ഇതിനിടയിൽ വീട്ടുകാർ കല്യാണത്തിനുള്ള മറ്റു കാര്യങ്ങളും മുന്നോട്ടു നീക്കി. കല്യാണനിശ്ചയമായി ചടങ്ങുകൾ ഒന്നും നടത്തിയില്ല. വെള്ളിയാഴ്ച രാവണീശ്വരത്തുനിന്നും ബിനുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 30 അംഗസംഘം മാവേലിക്കരയിലേക്ക് പുറപ്പെടും. മവേലിക്കര വഴുവാടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കല്യാണം.