News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

ചാഴിക്കാടൻ സ്ഥാനാർത്ഥി; അവഗണിച്ചെന്ന് പിജെ ജോസഫ്; പ്രവർത്തകരുടെ വികാരമെന്ന് കെഎം മാണി

featured image

കോട്ടയം: ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോട്ടയത്ത് തോമസ് ചാഴിക്കാടൻ യുഡിഎഫ് സ്ഥാനാർത്ഥി. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം.

ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെന്ന സൂചന നൽകി മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത് രാത്രി ഒമ്പത് മണിക്കായിരുന്നു. സഹോദരൻ ബാബു ചാഴിക്കാടന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എംഎൽഎ സ്ഥാനാർത്ഥിയായെത്തിയ തോമസ് ചാഴിക്കാടൻ പാർലമെന്‍റിലേക്കുള്ള മത്സര രംഗത്തെത്തിയത് നാടകീയമായും.

പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറഞ്ഞു. തന്നെ പാർട്ടി ഒരു ദൌത്യം ഏൽപ്പിച്ചിരിക്കുകയാണെന്നും അത് പരമാവധി ഭംഗിയായി നിർവഹിക്കുമെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.

രാത്രി ഏഴു മണിയോടെ തന്നെ തീരുമാനം കെ എം മാണി പ്രത്യേക ദൂതൻ വഴി പി ജെ ജോസഫിനെ അറിയിച്ചിരുന്നു. അപ്പോൾ മുതൽ ജോസഫിന്‍റെ തൊടുപുഴയിലെ വസതിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നു. മാണിയുടെ തീരുമാനം സ്വീകാര്യമല്ലെന്നും കേട്ടുകേൾവിയില്ലാത്ത വിധം തന്നെ അവഗണിച്ചുവെന്നും പി ജെ ജോസഫ് പ്രതികരിച്ചു.  ജില്ല മാറി മത്സരിക്കുന്നത് സാധാരണമായൊരു കാര്യമാണെന്നും ഇതിന് മുമ്പും അത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. അതിനാൽ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

എന്നാൽ, പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കെ എം മാണി വിശദീകരിച്ചു. സീറ്റ് തർക്കത്തിൽ കേരള കോൺഗ്രസ് പിളർന്നാലും പി ജെ ജോസഫ് യുഡിഎഫിൽ തുടരും. കോൺഗ്രസ് നേതാക്കളോട് ആലോചിച്ചേ ഭാവി തീരുമാനിക്കുവെന്ന് ജോസഫ് ആവർത്തിച്ചു പറഞ്ഞതിന് അർഥങ്ങൾ ഏറെയുണ്ട്. ഒരു കാരണവശാലും പിളർപ്പ് ഉണ്ടാക്കരുതെന്ന യുഡിഎഫ് നേതാക്കളുടെ അഭ്യർത്ഥനകൾ തള്ളിയാണ് മാണി ചാഴിക്കാടനെ പ്രഖ്യാപിച്ചത്. ഇതിന്‍റെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

Last Updated 12, Mar 2019, 6:59 AM IST

No comments:

Post a Comment