തൃശ്ശൂർ: കൃത്രിമപ്പല്ലുനിർമാണസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും ശക്തൻ സ്റ്റാൻഡിന് സമീപം സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. റോയൽ ഡെന്റൽ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തിൽ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോർഡസിൽ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്. ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധപരിശോധനയ്ക്കുശേഷമേ വ്യക്തമാകുകയുള്ളൂ.

ഷമീന കോംപ്ലക്സിലെ ഒന്നാംനിലയിലാണ് സ്ഥാപനം. തിങ്കളാഴ്‌ച രാവിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി.

അവധിയായിട്ടും ഞായറാഴ്‌ച വൈകീേട്ടാടെ ഇരുവരും സ്ഥാപനത്തിൽ എത്തിയിരുന്നതായി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവർ പറഞ്ഞു. വൈദ്യുതി നിലച്ചതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്റർ സ്ഥാപനത്തിനുള്ളിലായിരുന്നു. ഷട്ടർ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു.

ബിനുവിന്റെ കാർ കെട്ടിടത്തിനു താഴെ നിർത്തിയിട്ടിട്ടുണ്ട്. ഞായറാഴ്‌ച രാത്രി ഏഴരയ്ക്കുശേഷവും എത്താഞ്ഞതിനെത്തുടർന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതർ വെസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തൃശ്ശൂർ എ.സി.പി. വി.കെ. രാജുവും നെടുപുഴ പോലീസും സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച നടക്കും.

ഷെൽമയാണ് ബിനുജോയിയുടെ ഭാര്യ. പിതാവ്: ജോയ്. അമ്മ: സെലീന. കേരള ഡെന്റൽ ലാബ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് ബിനു.

Content Highlights: shop owner and employee found dead in thrissur