News Aggregation Website In Malayalam News From Different Online Sources

Breaking

Monday, March 11, 2019

അത്യാഡംബരത്തിൽ അംബാനി കല്യാണം; താരങ്ങളടക്കം പ്രമുഖർ പങ്കെടുത്തു- ചിത്രങ്ങൾ

featured image

മുംബൈ: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയാണ് വധു. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം. ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖര്‍ പങ്കെടുത്തു. 

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഭാര്യ ഷെറി ബ്ലേയര്‍, ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ഭാര്യ യോ സൂണ്‍ ടെയ്ക് എന്നിവരാണ് ആകാശ് അംബാനിയുടെ വിവാഹത്തിന് വിശിഷ്ടാതിഥികളായി എത്തിയത്. ഇവരെ കൂടാതെ നിരവധി  ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തി. 

സൂപ്പർ സ്റ്റാർ രജനികാന്ത്, മകൾ സൗന്ദര്യയും ഭർത്താവ് വിശാഖന്‍ വണങ്കാമുടി, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ഭാര്യ ജയാ ബച്ചൻ, മകൾ ശ്വേത ബച്ചൻ, താര ദമ്പതികളായ ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, മകൾ‌ ആരാധ്യ ബച്ചൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ഭാര്യ ​ഗൗരി ഖാൻ,  കരീന കപൂർ, കരിഷ്മ കപൂർ, കിയാര അദ്വാനി, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ദിശ പട്ടാനി, ഫറ് ഖാൻ, കരൺ ജോഹർ, രവീണ ടണ്ടൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര, ജാക്കി ഷ്‌റോഫ്, ജൂഹി ചൗള തുടങ്ങി വൻതാരനിര തന്നെ ചടങ്ങിലെത്തി. 

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍, സഹീർ ഖാൻ, ഭാര്യ സാര​ഗിക ഘട്ടേ, യുവരാജ് സിം​ഗ്, മഹേല ജയവർധന, ഹർദ്ദിക് പാണ്ഡ്യ, ഷെയ്ൻ ബോണ്ട് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈയുടേയും ഭാര്യയുടേയും സാന്നിധ്യം ശ്രദ്ധേയമായി. മുകേഷ് അംബാനിയുടെ പിതാവ് ധിരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ചടങ്ങുകളോടെയാകും വിവാഹം പൂര്‍ണമാകുക.  

സ്വിറ്റ്സർലൻഡിലും മുംബൈയിലെ ആഡംബര വസതിയായ ആന്‍റിലയിലും വെച്ചായിരുന്നു ആകാശിന്റെ പ്രീവെഡിങ് ആഘോഷങ്ങള്‍ നടന്നത്. അംബാനിയുടെ ആഡംബര വസതിയായ ആന്റില ഹാരി പോട്ടർ സിനിമകളിലെ തീം അനുസരിച്ചാണ് ഒരുക്കിയത്. മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്ട്‌സിലെ ഡിന്നർ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്‌വാർട്ട്‌സ് എക്സ്പ്രസ് എന്നിവ ആന്റിലയിൽ സൃഷ്ടിച്ചു. ഒഴുകി നടക്കുന്ന മെഴുകിതിരകളും നിഗൂഢമായ സംഗീതവുമെല്ലാം അഥിതികള്‍ക്ക് കാഴ്ചയായി. 

 

സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു ആകാശിന്റെ പ്രീവെഡിങ് ആഘോഷങ്ങൾക്കു തുടക്കമായത്. സെന്‍റ് മോറിറ്റ്സ് തടാകത്തിന് സമീപം  20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയര്‍ന്ന ടെന്‍റ് ഒരു അത്ഭുത നഗരത്തിന്‍റെ സൂചനങ്ങളായിരുന്നു. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റർ വണ്ടർലാൻഡ്’എന്നായിരുന്നു. 

ശ്ലോക മേത്തയും ആകാശും ബാല്യകാല സുഹൃത്തക്കളാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.  

Last Updated 10, Mar 2019, 11:00 AM IST

No comments:

Post a Comment