News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

പിജെ ജോസഫ് ഒന്നുകില്‍ പശുവിനെ കറന്ന് കൃഷി നോക്കിനടത്തി ജീവിക്കണം, അല്ലെങ്കില്‍ പ്രതികരിക്കണം: പിസി ജോര്‍ജ്ജ്

featured image

പിജെ ജോസഫിന് കോട്ടയം സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രൂക്ഷമായ പരിഹാസവുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പിജെ ജോസഫ് രാഷ്ട്രീയത്തില്‍ തുടരാനാണ് താത്പര്യം എങ്കില്‍ പ്രതികരിക്കണം എന്ന് ജോര്‍ജ്ജ് പറഞ്ഞു.

ജോസഫിന് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ രാഷ്ട്രീയമൊക്കെയുപേക്ഷിച്ച് പശുവിനെയൊക്കെ കറന്ന് കൃഷിയൊക്കെ നോക്കി മാന്യമായി ജീവിക്കാം. രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ആര്‍ജ്ജവത്തോടെ പ്രതികരിക്കാന്‍ തയാറാകണം. പിജെ ജോസഫ് കേരളാ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് കോട്ടയത്ത് മത്സരിച്ചാല്‍ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്നും ജോര്‍ജ്ജ് പറഞ്ഞു. നേരത്തെ പിജെ ജോസഫ് കേരളാ കോണ്‍ഗ്രസിനായി കോട്ടയത്ത് നിന്നാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.

വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ വീണ ജോര്‍ജ്ജ് എന്തിന് എന്നായിരുന്നു പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴുള്ള ഉത്തരം. ഇടതുപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാനിറങ്ങുന്ന സ്ഥിതിക്ക് ആന്റോ ആന്റണിയേക്കുറിച്ചും അത്രനല്ല അഭിപ്രായം ജോര്‍ജ്ജിനില്ല. ആന്റോ ആന്റണിയേക്കുറിച്ച് മണ്ഡലത്തിലാര്‍ക്കും നല്ല അഭിപ്രായമില്ല. ആന്റോ മത്സരിക്കാതിരിക്കുകയാണ് നല്ലതെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ മത്സരിക്കണം എന്നാണ് കരുതുന്നത്. അന്തിമതീരുമാനം 15ന് ചേരുന്ന ഒന്‍പതംഗ പാര്‍ട്ടി കമ്മറ്റി ചര്‍ച്ച ചെയ്ത് കൈക്കൊള്ളും. എംപിയാകാന്‍ താത്പര്യം ഉള്ളതുകൊണ്ടല്ല മത്സരിക്കുന്നത്. ശബരിമല റെയില്‍വേ പദ്ധതിയും എയര്‍പോര്‍ട്ട് പദ്ധതിയും യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യം എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

No comments:

Post a Comment