News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

ജോസഫ്‌ ഔട്ട്‌; കോട്ടയത്തു ചാഴികാടന്‍

featured image
uploads/news/2019/03/293847/2.jpg

കോട്ടയം/തൊടുപുഴ: ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ചടുലരാഷ്‌ട്രീയനീക്കങ്ങള്‍ക്കുമൊടുവില്‍, കോട്ടയം ലോക്‌സഭാ സീറ്റില്‍ മുന്‍ എം.എല്‍.എ. തോമസ്‌ ചാഴികാടന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥി. പാര്‍ട്ടി വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ അവകാശവാദം തള്ളിയാണ്‌ ഇന്നലെ രാത്രി ചാഴികാടന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌. പാര്‍ട്ടി തീരുമാനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച ജോസഫ്‌, ഭാവികാര്യങ്ങള്‍ യു.ഡി.എഫ്‌. നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്നു രാത്രി വൈകി തൊടുപുഴയില്‍ വ്യക്‌തമാക്കി.

ജോസഫിന്റെ പ്രതികരണം പുറത്തുവന്നതോടെ പാലായിലെ വസതിയില്‍ രാത്രി പതിനൊന്നോടെ മാണി പത്രസമ്മേളനം നടത്തി. പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണു തോമസ്‌ ചാഴികാടനെ സ്‌ഥാനാര്‍ഥിയാക്കിയതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. കോട്ടയം ജില്ലയില്‍നിന്നുള്ളയാള്‍തന്നെ സ്‌ഥാനാര്‍ഥിയാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഇക്കാര്യം ജോസഫ്‌ ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷ. ജോസഫുമായും മോന്‍സ്‌ ജോസഫുമായും സംസാരിച്ചിട്ടുണ്ട്‌. പ്രശ്‌നം രമ്യമായും നീതിനിഷ്‌ഠമായും പരിഹരിക്കപ്പെടുമെന്നും മാണി പറഞ്ഞു.

പാലായിലെ വസതിയില്‍ കെ.എം. മാണിയും വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ. മാണിയും പാര്‍ട്ടി മണ്ഡലം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണു തോമസ്‌ ചാഴികാടനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്‌. മത്സരിക്കാന്‍ ജോസഫ്‌ താത്‌പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്‌ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്‌റ്റിയിറിങ്‌ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നില്ല. തുടര്‍ന്ന്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു മാണിയെ ചുമതലപ്പെടുത്തി.

ജോസഫിന്റെ അവകാശവാദം വെട്ടാന്‍ പാര്‍ട്ടി പ്രാദേശികനേതൃത്വത്തെ രംഗത്തിറക്കിയ ജോസ്‌ കെ. മാണിയുടെ തന്ത്രമാണ്‌ ഇന്നലെ ഫലം കണ്ടത്‌. ജില്ലയ്‌ക്കു പുറത്തുനിന്നുള്ള സ്‌ഥാനാര്‍ഥിയെ അംഗീകരിക്കാനാവില്ലെന്നു കോട്ടയം ജില്ലാ കമ്മിറ്റിയും മണ്ഡലം ഭാരവാഹികളും നിലപാടെടുത്തു. ഇതോടെയാണു മാണിയുടെ വിശ്വസ്‌തനായ തോമസ്‌ ചാഴികാടനു നറുക്കുവീണത്‌.

പ്രാദേശികവാദം ഉയര്‍ത്തിയുള്ള സ്‌ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ രൂക്ഷമായ ഭാഷയിലാണു ജോസഫ്‌ പ്രതികരിച്ചത്‌. ഈ മാനദണ്ഡം അംഗീകരിക്കാനാവില്ലെന്ന്‌ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്‌തമാക്കി. പാര്‍ട്ടിയുടെ ഇടുക്കി എം.എല്‍.എ: റോഷി അഗസ്‌റ്റിന്‍ കോട്ടയം ജില്ലക്കാരനാണ്‌. ഇടുക്കിയില്‍ പി.ജെ. കുര്യനും പി.സി. ചാക്കോയുമുള്‍പ്പെടെ നിരവധി നേതാക്കള്‍ ഇങ്ങനെ മത്സരിച്ചിട്ടുണ്ട്‌. ജില്ല മാറി മത്സരിക്കുന്നതിനെ എതിര്‍ക്കുന്നത്‌ എന്തിന്റെ അടിസ്‌ഥാനത്തിലാണെന്നു വ്യക്‌തമല്ല. കോണ്‍ഗ്രസിന്‌ അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റാണു ജോസ്‌ കെ. മാണിക്കു കൊടുത്തത്‌.

അടുത്തതു കോട്ടയമാണെന്നു പറഞ്ഞിരുന്നു. അവിടെ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണു തീരുമാനമെടുത്തത്‌. അതില്‍ കടുത്ത അമര്‍ഷമുണ്ട്‌. കോണ്‍ഗ്രസ്‌ നേതാക്കളടക്കം ഇപ്പോള്‍ ഡല്‍ഹിയിലാണ്‌. അവരുമായി ആലോചിച്ച്‌ ഭാവിതീരുമാനം എടുക്കും. ജില്ല മാറി മത്സരിക്കരുതെന്ന തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണു പ്രതീക്ഷ-മാണിയുമായി യോജിച്ചുപോകുമോയെന്ന ചോദ്യത്തിനു മറുപടിയായി ജോസഫ്‌ പറഞ്ഞു.

നേരത്തേ, കേരളാ കോണ്‍ഗ്രസി(എം)ലെ ഭിന്നത പരിഹരിക്കാന്‍ യു.ഡി.എഫ്‌. നേതാക്കള്‍ നടത്തിയ ശ്രമവും ഫലം കണ്ടില്ല. ഉമ്മന്‍ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ്‌ ഇതു സംബന്ധിച്ചു മാണിയും ജോസഫുമായി ചര്‍ച്ച നടത്തിയത്‌.

തര്‍ക്കം തുടര്‍ന്നാല്‍ കോട്ടയം സീറ്റ്‌ ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസ്‌ നേതൃത്വം മുന്നറിയിപ്പു നല്‍കി.

കോട്ടയം സീറ്റ്‌ ജോസഫിനു നല്‍കണമെന്നു യു.ഡി.എഫ്‌. നേതൃത്വം മാണിയോട്‌ അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണു കോട്ടയം ജില്ലയിലെ മണ്ഡലം ഭാരവാഹികളുടെ യോഗം പാലായിലെ വസതിയില്‍ മാണി വിളിച്ചുചേര്‍ത്തത്‌.ഇവരില്‍ ഭൂരിപക്ഷവും ജോസഫിനു സീറ്റ്‌ നല്‍കുന്നതിനെ എതിര്‍ത്തു. ഇതോടെ പി.ജെ. ജോസഫിന്റെ തൊടുപുഴ പുറപ്പുഴയിലെ വസതിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, മുന്‍ എം.എല്‍.എ: ടി.യു. കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment