ന്നു കാണുന്ന ഇന്റര്‍നെറ്റിലെ വിവര സാങ്കേതിക ലോകത്തിന്റെ നെടും തൂണായ വേള്‍ഡ് വൈഡ് വെബിന് പ്രവര്‍ത്തനരഹിതമായൊരു ഭാവിയുണ്ടാവുമോ എന്ന ആശങ്ക പങ്കുവെച്ച് വെബ്ബിന്റെ സ്രഷ്ടാവ് ടിം ബര്‍ണേഴ്‌സ് ലീ. ഡാറ്റാ ദുരുപയോഗം, ഹാക്കിങ്, തെറ്റിദ്ധാരണയോടെയുള്ള ഉള്ളടക്കങ്ങള്‍ എന്നിവയെല്ലാം വെബ്ബിനെ പതനത്തിലേക്ക് നയിക്കുമെന്നും ആഗോള തലത്തിലുള്ള ശ്രമങ്ങള്‍ക്കേ വേള്‍ഡ് വൈഡ് വൈബിന്റെ തകര്‍ച്ച തടയാനാവൂ എന്നും വേള്‍ഡ് വൈഡ് വെബിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ടിം ബര്‍ണേഴ്‌സ് ലി പുറത്തുവിട്ട തുറന്ന കത്തില്‍ ടിം ബര്‍ണേഴ്‌സ് ലീ പറഞ്ഞു. 

വേള്‍ഡ് വൈഡ് വെബ്ബിന്റെ ഇക്കാലം വരെയുള്ള നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം വേള്‍ഡ് വൈഡ് വെബ്ബ് നേരിടുന്ന വെല്ലുവിളികള്‍ കത്തില്‍ അദ്ദേഹം പങ്കുവെക്കുന്നു.

വെബ്ബ് ഒരു വശത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കുകയും നിത്യ ജീവിതം സുഗമമാക്കുകയും ചെയ്തപ്പോള്‍, മറുവശത്ത് തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കുകയും, വിദ്വേഷ പ്രചാരകര്‍ക്ക് ശബ്ദമാവുകയും, എല്ലാതരം കുറ്റകൃത്യങ്ങളും എളുപ്പമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷം കൊണ്ട് വെബ്ബ് ഏറെ മാറിയിട്ടുണ്ട്. വരാനിരിക്കുന്ന 30 വര്‍ഷം കൊണ്ട് വെബ്ബില്‍ നല്ലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് കരുതുന്നത് പരാജയബോധവും ഭാവനാ ശൂന്യതയുമായിരിക്കും

സര്‍ക്കാര്‍ പിന്തുണയോടെയുള്ള -ഹാക്കിങ്, സൈബര്‍ ആക്രമണം, കുറ്റകൃത്യ മനോഭാവം, ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍, വ്യാപകമായി പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍, ഉപയോക്താക്കളെ വഞ്ചിക്കുന്ന പരസ്യാധിഷ്ടിത വരുമാനരീതികള്‍, ആക്രമണപരവും , ധ്രുവീകരിക്കപ്പെടതുമായ ചര്‍ച്ചകള്‍ എന്നിവയെല്ലാമാണ് വെബ്ബ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിയമങ്ങളിലൂടെയും സിസ്റ്റം ഡിസൈനുകളിലൂടേയും ഇത്തരം മോശം പ്രവണതകളെ ഇല്ലാതാക്കാനാവൂ. ഇതിനായി ഒരു പുതിയ വെബ് കരാര്‍ ( Contract for the ) സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബര്‍ണേഴ്‌സ് ലി. ഭരണകൂടങ്ങളുടേയും, കമ്പനികളുടേയും, ജനങ്ങളുടേയും പിന്തുണയോടെ മാത്രമേ അത് സാധ്യമാവൂ എന്ന് അദ്ദേഹം പറയുന്നു. 

തിരഞ്ഞെടുക്കപ്പെട്ടവരും സിവില്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന ഭരണകൂടങ്ങള്‍ക്ക് വെബ് തുറന്നു കൊടുക്കണം. പൊതുജനങ്ങള്‍ക്കും തുറന്ന വെബ്ബിനും ഭീഷണിയാകുന്ന സ്വകാര്യ മേഖലാ താല്‍പര്യങ്ങള്‍ക്കെതിരെ ഭരണകൂടം നടപടിയെടുക്കണം. എല്ലാം ശരിയായ വഴിയിലെത്തിക്കാന്‍ വെബ് കരാര്‍ അനിവാര്യമാണ്. എന്നാല്‍ അത് ആഗോളതലത്തിലുള്ള പിന്തുണയെ ആശ്രയിച്ചിരിക്കും.

വെബ്ബിന്റെ ആദ്യ 15 വര്‍ഷങ്ങളില്‍ നല്ലമാറ്റങ്ങള്‍ പ്രകടമായപ്പോള്‍ പിന്നീട് കുഴപ്പങ്ങള്‍ വന്നുതുടങ്ങിയെന്നും ഒരു തിരുത്തല്‍ അനിവാര്യമാണെന്നും അദ്ദേഹം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

30 വര്‍ഷം മുമ്പാണ് ടിം ബര്‍ണേഴ്‌സ് ലീ സേണിലെ തന്റെ മേധാവിയ്ക്ക് ഹൈപ്പര്‍ ടെക്സ്റ്റ് അധിഷ്ടിതമായ ആശയ കൈമാറ്റ സംവിധാനത്തിനുള്ള ആദ്യ നിര്‍ദേശം നല്‍കുന്നത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ 1991 ല്‍ വേള്‍ഡ് വൈഡ് വെബിന് ജന്മം നല്‍കി. അസംഖ്യം വിവരങ്ങള്‍ അടങ്ങുന്ന വെബ് പേജുകള്‍ കെട്ടിപ്പടുത്തത് ടിം ബര്‍ണേഴ്‌സ് ലീയുടെ എച്ച്ടിഎംഎല്‍ ഭാഷയിലാണ്.

Content highlights: Tim Berners-Lee concern on  dysfunctional future of  world wide web