News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

തനിച്ചു വരണമെന്നു നിര്‍ബന്ധിച്ചു, ഗേറ്റ്‌ കടന്നപ്പോള്‍ പിന്നില്‍നിന്നു താഴിട്ടുപൂട്ടി, തടങ്കലിലാക്കിയാലോ എന്ന പേടിയില്‍ വനിതാ എസ്‌.ഐയെ തുണകൂട്ടി എഫ്‌.സി.സി. ആസ്‌ഥാനത്ത്‌ എത്തിയ സിസ്‌റ്റര്‍ ലൂസിയുടെ തുറന്നു പറച്ചില്‍

featured image

രണ്ടു വണ്ടി പോലീസിന്റെ അകമ്പടിയോടെയാണു സിസ്‌റ്റര്‍ ലൂസി ആലുവയിലെ മഠത്തിലെത്തിയത്‌. അവരിലാര്‍ക്കും അകത്തുപോകാന്‍ അനുമതി കിട്ടിയില്ല. അകത്തു കയറിയാല്‍ പുറത്തേക്കു വരാന്‍ കഴിയുമോയെന്നുപോലും ഒരു വേള വിറയലോടെ ഓര്‍ത്തതെന്ന്‌ സിസ്‌റ്റര്‍ ലൂസി പറഞ്ഞു.

Sister Lucy kalappurakkal

കൊച്ചി: "മദര്‍ ജനറലിനെ കാണാന്‍ തനിച്ചു വരണമെന്നു നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാമനസോടെയാണു തീരുമാനിച്ചത്‌. ആലുവയില്‍ മദര്‍ ജനറലിന്റെ ആസ്‌ഥാനത്തെ ആദ്യ ഗേറ്റ്‌ കടന്നപ്പോള്‍ അതു പിന്നില്‍നിന്നു താഴിട്ടുപൂട്ടി. രണ്ടാമത്തെ വാതിലും കടന്നപ്പോഴും പിന്നില്‍ വാതിലടഞ്ഞു. ഇതെന്നെ ഭയപ്പെടുത്തി. മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു തോന്നിയപ്പോള്‍ മടങ്ങണമെന്ന്‌ ആവശ്യപ്പെട്ടു."

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ സമരംചെയ്‌ത കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകളെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്കനടപടി നേരിടുന്ന സിസ്‌റ്റര്‍ ലൂസി കളപ്പുര ഇന്നലെ രാവിലെ 11-നാണ്‌ ആലുവയിലെ എഫ്‌.സി.സി. ആസ്‌ഥാനത്ത്‌ എത്തിയത്‌. നേരിട്ടുവന്ന്‌ വിശദീകരണം നല്‍കാനായിരുന്നു ലഭിച്ച നിര്‍ദേശം. അകത്തു കയറിയാല്‍ പുറത്തേക്കു വരാന്‍ കഴിയുമോയെന്നുപോലും ഒരു വേള വിറയലോടെ ഓര്‍ത്തതെന്ന്‌ സിസ്‌റ്റര്‍ ലൂസി പറഞ്ഞു. മൂവാറ്റുപുഴയില്‍ സിസ്‌റ്റര്‍ ലിസി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടതിന്റെ ഓര്‍മ്മയാണു ഭയപ്പെടുത്തിയത്‌.

പുറത്തുവരെ തനിക്കൊപ്പമുണ്ടായിരുന്ന ആരെയെങ്കിലും ഒപ്പം കൂട്ടാതെ കൂടിക്കാഴ്‌ചയ്‌ക്കു തയാറല്ലെന്ന്‌ സിസ്‌റ്റര്‍ ലൂസി പിന്നീട്‌ ഫോണില്‍ മഠം അധികൃതരെ അറിയിച്ചു. അത്‌ അംഗീകരിക്കപ്പെട്ടതോടെ, പുറത്തുണ്ടായിരുന്ന ആലുവ എസ്‌.ഐ. ജയശ്രീയെ കൂട്ടിയാണ്‌ എഫ്‌.സി.സി. മദര്‍ ജനറല്‍ സിസ്‌റ്റര്‍ ആന്‍ ജോസഫിന്റെ മുറിയിലേക്കു ചെന്നത്‌. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയില്‍ "എന്തെങ്കിലും പറയാനുണ്ടോ" എന്നു മദര്‍ ജനറല്‍ ചോദിച്ചു. വേനലായതിനാല്‍ സല്‍വാറും കമ്മീസും ധരിക്കാന്‍ അനുവാദം ചോദിച്ചു.

ഇതു കമ്മിറ്റി കൂടി തീരുമാനിച്ച്‌ അറിയിക്കാമെന്നു മറുപടി ലഭിച്ചു. തന്നോട്‌ എന്തെങ്കിലും ചോദിക്കാനുണ്ടോയെന്നു സിസ്‌റ്റര്‍ ലൂസി ചോദിച്ചു; ഇല്ലെന്നായിരുന്നു മറുപടി. ഇതുവരെ നേരിട്ടു വരാതിരുന്നതിന്റെ കാരണമെന്തെന്ന്‌ ചോദിച്ചപ്പോള്‍, മറുപടി ഇ-മെയിലില്‍ അയച്ചിരുന്നുവെന്നും നേരിട്ടുവരാന്‍ അപ്പോള്‍ അസൗകര്യമുണ്ടായിരുന്നെന്നും പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടു ലഭിച്ച നാലു കത്തുകളിലെ ചോദ്യങ്ങളില്‍ പ്രസക്‌തമായവയ്‌ക്കുള്ള മറുപടി എഴുതിനല്‍കി. നിലപാടുകളില്‍ മാറ്റമില്ലെന്നും അറിയിച്ചു.

പത്തു മിനിറ്റ്‌ നീണ്ട കൂടിക്കാഴ്‌ച പ്രാര്‍ഥനയോടെ അവസാനിച്ചു. രണ്ടു വണ്ടി പോലീസിന്റെ അകമ്പടിയോടെയാണു സിസ്‌റ്റര്‍ ലൂസി ആലുവയിലെ മഠത്തിലെത്തിയത്‌. അവരിലാര്‍ക്കും അകത്തുപോകാന്‍ അനുമതി കിട്ടിയില്ല. മഠത്തിലെ പാര്‍ലറില്‍ (സന്ദര്‍ശകരും മറ്റും വരുമ്പോള്‍ കൂടിക്കാണുന്നയിടം) കൂടിക്കാഴ്‌ച നടത്താമോ എന്നു ചോദിച്ചെങ്കിലും, അകത്തേക്കു വരണമെന്നായിരുന്നു നിര്‍ദേശം. മാനസികമായി തളരുമെന്ന അവസ്‌ഥ വന്നപ്പോഴാണ്‌ കൂടിക്കാഴ്‌ചയ്‌ക്കു കൂട്ടുവേണമെന്ന്‌ ആവശ്യപ്പെട്ടത്‌.

മദര്‍ ജനറലിനു പുറമേ കൂടിക്കാഴ്‌ചയില്‍ രണ്ടു കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. സണ്‍ഡേ സ്‌കൂള്‍ മതാധ്യാപനം പൂര്‍ണമായി നിര്‍ത്തിയെന്നും ഇനിയൊരിക്കലും സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കില്ലെന്നും സിസ്‌റ്റര്‍ ലൂസി പറഞ്ഞു. ഹൈസ്‌കൂള്‍ അധ്യാപികയെന്ന നിലയില്‍ പരീക്ഷകളുടെ തിരക്കുള്ളതിനാല്‍ ഇന്നത്തെന്നെ മാനന്തവാടി മഠത്തിലേക്കു മടങ്ങി.

ബൈജു ഭാസി

No comments:

Post a Comment