ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്. നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്. 

അതേസമയം ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നകാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടണോയെന്ന കാര്യത്തില്‍ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും.

Content Highlights: theresa may's brexit deal rejected in british parliament