ഷാങ്ഹായ്: നെയ്‌റോബി വിമാനാപകടത്തെ തുടര്‍ന്ന് ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങള്‍ ചൈന ഒഴിവാക്കുന്നു. ചൈനയിലെ എയര്‍ലൈന്‍സ് കമ്പനികളോട് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉപയോഗിക്കരുതെന്നാണ് ചൈനീസ് ഏവിയേഷന്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

നെയ്‌റോബിയയില്‍ ഏത്യോപ്യന്‍ വിമാനക്കമ്പനിയുടെ ബോയിങ്ങിന്റെ 737 മാക്‌സ് എട്ട് വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചിരുന്നു. 2017 ല്‍ പുറത്തിറക്കിയ ഈ മോഡലിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്നു വീണതാണ് ആദ്യത്തെ സംഭവം. അന്നത്തെ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചിരുന്നു. 

ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കുള്ളിലാണ് ബോയിങ് വിമാനം തകര്‍ന്നുവീണത്. നെയ്‌റോബി വിമാനാപകടവും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകകമായിരുന്നു സംഭവിച്ചത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ ഒഴിവാക്കണമെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാനാണ് തീരുമാനമെങ്കില്‍ ബോയിങ്ങില്‍ നിന്നും, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും വിമാനത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പ് വാങ്ങേണ്ടതുണ്ടെന്നും  ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍നിര്‍ദ്ദേശം നല്‍കി.

ചൈനയിലെ എയര്‍ലൈന്‍ കമ്പനികളില്‍ ആകെ 96ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉണ്ട്. അതേസമയം ചൈനയിലെ നടപടികളെക്കുറിച്ച് പ്രതികരിക്കാന്‍ ബോയിങ് അധികൃതരോ യുഎസ് അധികൃതരോ തയ്യാറായിട്ടില്ല.

Content Highlights: China`s aviation regulator ordered airlines to suspend their Boeing 737 MAX aircraft operations