News Aggregation Website In Malayalam News From Different Online Sources

Breaking

Wednesday, March 13, 2019

ഇന്ത്യ - ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം ഉച്ചയ്‌ക്ക് 1.30 മുതല്‍

featured image
uploads/news/2019/03/294094/s1.jpg

ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരം ഇന്നു നടക്കും. ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 1, എച്ച്‌.ഡി. 1 ചാനലുകളിലും ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി, എയര്‍ടെല്‍ തുടങ്ങിയ ഓണ്‍ലൈനുകളിലും തത്സമയം കാണാം.

പരമ്പര 2-2 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ മത്സരം ജേതാക്കളെ നിശ്‌ചയിക്കും. ഡല്‍ഹിയിലെ കാലാവസ്‌ഥ അനുകൂലമാണ്‌. ഫിറോസ്‌ ഷാ കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ടോസ്‌ നിര്‍ണായകമാകും. ഇവിടെ നടന്ന അവസാന രണ്ട്‌ ഏകദിനങ്ങളും കുറഞ്ഞ സ്‌കോറിലാണ്‌ അവസാനിച്ചത്‌. 2016 ഒക്‌ടോബറില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ്‌ ഇന്ത്യയെ ആറ്‌ റണ്ണിനു തോല്‍പ്പിച്ചു.

2014 ഒക്‌ടോബറില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വെസ്‌റ്റിന്‍ഡീസിനെ 48 റണ്ണിനും തോല്‍പ്പിച്ചു. സ്‌പിന്നര്‍മാരെ പിന്തുണച്ച ചരിത്രമാണു ഫിറോസ്‌ ഷാ കോട്‌ലയ്‌ക്കുള്ളത്‌. ഇന്ത്യയുടെ കുല്‍ദീപ്‌ യാദവ്‌, യുസ്‌വേന്ദ്ര ചാഹാല്‍ എന്നിവര്‍ക്കൊപ്പം ഇടംകൈയന്‍ സ്‌പിന്നറും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയും ഇന്നു കളിക്കുമെന്നാണു കരുതുന്നത്‌. ശിഖര്‍ ധവാന്‍ ഫോമിലേക്കു തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ്‌ ഇന്ത്യ. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ധവാന്‍ 143 റണ്ണുമായി തിളങ്ങി. 17 ഇന്നിങ്‌സുകള്‍ക്കു ശേഷമാണു ധവാന്‍ ഒരു സെഞ്ചുറി നേടിയത്‌.

എം.എസ്‌്. ധോണിക്കു വിശ്രമം നല്‍കിയതിനാല്‍ വിക്കറ്റ്‌ കീപ്പറായി കളിച്ച ഋഷഭ്‌ പന്തിലാണ്‌ എല്ലാവരുടെയും ശ്രദ്ധ. ഋഷഭ്‌ പന്ത്‌ വരുത്തിയ പിഴവുകളാണ്‌ ഇന്ത്യ മൊഹാലിയില്‍ നാല്‌ വിക്കറ്റിനു തോല്‍ക്കാന്‍ കാരണം. മത്സരം ഇന്ത്യയില്‍ നിന്ന്‌ തട്ടിയെടുത്ത ആഷ്‌ടണ്‍ ടേണറിനെയും പീറ്റര്‍ ഹാന്‍ഡ്‌സ്കോംബിനെയും പുറത്താക്കാനുള്ള രണ്ട്‌ അവസരങ്ങളാണ്‌ പന്ത്‌ കളഞ്ഞത്‌. പന്തിന്‌ ഒരവസരം കൂടി നല്‍കാനാണു തീരുമാനം. പന്തിന്റെ പ്രായക്കുറവം അനുഭവ സമ്പത്തിന്റെ അഭാവവുമാണു പിഴവുകള്‍ക്കു കാരണാമായി ടീം മാനേജ്‌മെന്റ്‌ ചൂണ്ടിക്കാട്ടിയത്‌. മാര്‍കസ്‌ സ്‌റ്റോനിസിനു പരുക്കേറ്റതിനെ തുടര്‍ന്ന്‌ അവസരം ലഭിച്ച ആഷ്‌ടണ്‍ ടേണറും ഇന്നു കളിക്കും. നാലാം ഏകദിനത്തില്‍ ടേണറിന്റെ വെടിക്കെട്ടാണ്‌ ഓസീസിനു കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ കരുത്തായത്‌്. ഭേദപ്പെട്ട ഓഫ്‌ സ്‌പിന്നര്‍ കൂടിയായ ടേണറിന്റെ സേവനം ബൗളിങ്ങിലും ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ്‌ ഓസീസ്‌. ജാസണ്‍ ബെന്‍റോഫ്‌, നഥാന്‍ ലിയോണ്‍ എന്നിവരും ഇന്നു കളിക്കും. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ ഓപ്പണര്‍ ഉസ്‌മാന്‍ ഖ്വാജ പരമ്പരയിലെ താരമാകാനുള്ള ഒരുക്കത്തിലാണ്‌. നായകന്‍ ആരണ്‍ ഫിഞ്ചും റണ്‍ കണ്ടെത്തിത്തുടങ്ങി.

ടീം: ഇന്ത്യ- വിരാട്‌ കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്‌, ഋഷഭ്‌ പന്ത്‌, വിജയ്‌ ശങ്കര്‍, കുല്‍ദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹാല്‍, ഭുവനേശ്വര്‍ കുമാര്‍.

ടീം: ഓസ്‌ട്രേലിയ- ആരണ്‍ ഫിഞ്ച്‌ (നായകന്‍), ഉസ്‌മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്‌സ്കോംബ്‌, ഷോര്‍ മാര്‍ഷ്‌, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍കസ്‌ സ്‌റ്റോനിസ്‌, ആഷ്‌ടണ്‍ ടേണര്‍, ജൈ റിച്ചാഡ്‌സണ്‍, ആഡം സാംപ, ആന്‍ഡ്രൂ ടൈ, പാറ്റ്‌ കുമ്മിന്‍സ്‌, നഥാന്‍ കൗള്‍ട്ടര്‍ നീല്‍, അലക്‌സ് കാരി, നഥാന്‍ ലിയോണ്‍, ജാസണ്‍ ബെര്‍റോഫ്‌.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നടത്തിയ ബൗളിങ്‌ പരീക്ഷണങ്ങള്‍ ലോകകപ്പില്‍ നടപ്പിലാക്കണമെന്നില്ലെന്ന്‌ കോച്ച്‌ ഭാരത്‌ അരുണ്‍. ഇംഗ്ലണ്ടില്‍ മേയ്‌ 30 നാണു ലോകകപ്പ്‌ മത്സരങ്ങള്‍ തുടങ്ങുക.

ബൗളര്‍മാര്‍ രണ്ടു മത്സരങ്ങളില്‍ തുടര്‍ച്ചയായി 300 റണ്‍ വഴങ്ങിയതിനെ മാത്രം വിമര്‍ശിക്കുന്നതിനെ ഭാരത്‌ അരുണ്‍ വിമര്‍ശിച്ചു. ഇന്ത്യയുടെ വിജയ ശതമാനം 75 ആയിരിക്കേയാണ്‌ ഈ വിമര്‍ശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഷഭ്‌ പന്തിനെ എം.എസ്‌. ധോണിയുമായി താരതമ്യം ചെയ്യുന്നതിനെ ഭാരത്‌ അരുണ്‍ വിമര്‍ശിച്ചു. വിക്കറ്റ്‌ കീപ്പിങ്ങിലെ പ്രത്യേകിച്ച്‌ സ്‌റ്റമ്പിങ്ങിലെ ഇതിഹാസമാണു ധോണി, പന്ത്‌ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്‌ അധികമായുമില്ല. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വിജയ്‌ ശങ്കര്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാണെന്നു ബൗളിങ്‌ കോച്ച്‌ പറഞ്ഞു. ഈ പരമ്പരയില്‍ തന്നെ വിജയ്‌ ശങ്കര്‍ പന്തു കൊണ്ടും ബാറ്റു കൊണ്ടും തിളങ്ങി. ഏഴാം നമ്പര്‍ ബാറ്റ്‌സ്മാന്റെ റോളില്‍നിന്നു നാലാം സ്‌ഥാനം വരെയെത്താന്‍ വിജയ്‌ ശങ്കറിനായെന്നും ഭാരത്‌ അരുണ്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment