News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

തോല്‍ക്കുന്ന സീറ്റ് നല്‍കി സ്ത്രീ പ്രാധിനിധ്യമെന്ന പൊങ്ങച്ചം ഇനി വേണ്ട; ജയിക്കുന്ന മൂന്ന് സീറ്റ് കിട്ടണമെന്ന മഹിളാവിഭാഗം ; കോണ്‍ഗ്രസിന് പുതിയ തലവേദന

featured image
uploads/news/2019/02/290013/mahila congrass.jpg

തിരുവനന്തപുരം: അധികസീറ്റ് സംബന്ധിച്ച കേരളാകോണ്‍ഗ്രസിന്റെയും മുസ്‌ളീംലീഗിന്റെയും ആവശ്യം യുഡിഎഫിന് ഇതുവരെയും കൃത്യമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയില്‍ പാര്‍ട്ടിയുടെ മഹിളാവിഭാഗത്തില്‍ നിന്നും പുതിയ തലവേദന നേരിട്ട് കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം. മൂന്ന് സീറ്റിന് ആവശ്യം ഉന്നയിച്ച് മഹിളാകോണ്‍ഗ്രസ് രംഗത്ത് വന്നു. അതും സ്ത്രീ പ്രാതിനിധ്യമെന്ന് വെറുതേ മേനി നടിക്കേണ്ടെന്നും ഉറപ്പുള്ള സീറ്റ് കിട്ടണമെന്നുമാണ് ആവശ്യം.

ജയസാധ്യതയുള്ള സീറ്റുകളില്‍ തന്നെ മത്സരിക്കാനും തുടര്‍ചര്‍ച്ചകളില്‍ ഏതൊക്കെ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടാനുമാണ് ഉദ്ദേശിക്കുന്നത്. പതിവ്‌പോലെ ജയസാധ്യത ഇല്ലാത്തതും പരീക്ഷണാര്‍ത്ഥം നിയോഗിക്കുന്നതുമായ സീറ്റുകള്‍ വേണ്ടെന്ന നിലപാടില്‍ മഹിളകള്‍ ഉറച്ചു നില്‍ക്കുന്നതോടെ സീറ്റ് വിഭജനം ഇത്തവണ എല്ലാ കാലത്തേക്കാളും കീറാമുട്ടിയായി മാറുമെന്നാണ് സൂചനകള്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന്റെ വാക്കുകളാണ് പ്രശ്‌നമായിരിക്കുന്നത്.

നേരത്തേ കോണ്‍ഗ്രസിലെ നരച്ച തലകളും മക്കള്‍ മാഹാത്മ്യവും പിന്നിലേക്ക് മാറി പാര്‍ട്ടിയിലെ യുവാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണം എന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും രംഗത്ത് വന്നിരുന്നു. അര്‍ഹമായ പരിഗണന നല്‍കാമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസും രംഗത്ത് വന്നത്. പാര്‍ട്ടിയുടെ ഉറപ്പുള്ള മൂന്നു സീറ്റെങ്കിലും വനിതാവിഭാഗത്തിന് നല്‍കണം എന്നതാണ് മഹിളാകോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയേയും പാര്‍ട്ടിയിലെ വനിതാവിഭാഗം അറിയിച്ചിരിക്കുകയാണ്.

ദേശീയനേതൃത്വം നിര്‍ദേശം നല്‍കിയാലും സ്ഥാനാര്‍ത്ഥി പട്ടിക രൂപപ്പെടുമ്പോള്‍ വെട്ടി നിരത്തലിന് ഇരയാകുമോയെന്ന് മഹിളാവിഭാഗം ഭയപ്പെടുന്നുണ്ട്. അതല്ലെങ്കില്‍ ജയം ഉറപ്പല്ലാത്ത സീറ്റുകളില്‍ പരീക്ഷണാര്‍ത്ഥം സ്ഥാനാര്‍ത്ഥി ആകേണ്ട ഗതികേടും ഉണ്ടാകുന്നതാണ് മഹിളാവിഭാഗത്തെ ചൊടിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീകളെ പരിഗണിച്ചു എന്ന് മേനിപറയുന്ന രീതിയിലുള്ള സീറ്റുകള്‍ വേണ്ടെന്നാണ് അഭിപ്രായം.

അതിനിടയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിലും എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. ജോസഫിന് കൂടി മത്സരിക്കാന്‍ കഴിയുന്ന വിധത്തില്‍ രണ്ടു സീറ്റെന്ന കേരളാകോണ്‍ഗ്രസിന്റെ ആവശ്യവും മൂന്ന് സീറ്റ് എന്ന മുസ്‌ളീംലീഗിന്റെ ആവശ്യവും ഒരു വിധത്തിലാണ് കോണ്‍ഗ്രസ് പറഞ്ഞൊതുക്കിയിരിക്കുന്നത്. കൂടുതല്‍ സീറ്റ് ചോദിച്ച് മുന്നണിയെ വിഷമിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കേരളാകോണ്‍ഗ്രസിനോടും മുസ്‌ളീംലീഗിനോടും പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയിരിക്കുന്ന സാഹചര്യത്തില്‍ ഒരു സീറ്റേ മത്സരിക്കാന്‍ കിട്ടുന്നുള്ളെങ്കില്‍ അത് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം പറയുന്നത്.

No comments:

Post a Comment