ന്യൂഡല്‍ഹി: അണ്ടര്‍-23 എ.എഫ്.സി. കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പില്‍ മൂന്ന് മലയാളി താരങ്ങള്‍. തിങ്കളാഴ്ച പ്രഖ്യാപിച്ച 37 അംഗ സാധ്യതാ ടീമിലാണ് മൂന്ന് മലയാളികള്‍ ഇടം പിടിച്ചത്. 

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരക്കാരന്‍ സഹല്‍ അബ്ദു സമദ്, പുണെ സിറ്റി എഫ്.സി. വിങ്ങര്‍ ആഷിഖ് കുരുണിയന്‍, ഇന്ത്യന്‍ ആരോസ് മുന്നേറ്റനിരക്കാരന്‍ കെ.പി. രാഹുല്‍ എന്നിവരാണ് 37 അംഗ സാധ്യതാ ടീമിലുള്ളത്. 

ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഷിക് കുരുണിയന്‍ ഇതിനു മുമ്പും ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ ഭാഗമായിട്ടുണ്ട്. സഹല്‍ ഏഷ്യന്‍ കപ്പിനായുള്ള ക്യാമ്പില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് സഹലിനെ ക്യാമ്പില്‍ എത്തിച്ചത്. ഇന്ത്യന്‍ അണ്ടര്‍ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുല്‍ കെ.പി ഇതാദ്യമായാണ് അണ്ടര്‍ 23 ടീമിന്റെ ഭാഗമാകുന്നത്.

Content Highlights: three keralites included in afc under 23 indian team