ന്യൂഡല്‍ഹി: കോടതിലക്ഷ്യക്കേസില്‍ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെ സുപ്രീംകോടതി ശിക്ഷിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷിച്ചത്‌. കോടതിപിരിയും വരെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതോടൊപ്പം ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏറെ നിര്‍ണായകമായ കേസില്‍ വിധി പ്രസ്താവിച്ചത്. 

ബിഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എ.കെ. ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയാണ് നാഗേശ്വരറാവുവിനെതിരായ ശിക്ഷയിലേക്ക് നയിച്ചത്‌. കേസില്‍ ഫെബ്രുവരി ഏഴിന് വാദംകേട്ട സുപ്രീംകോടതി നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്ന് സി.ബി.ഐ. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അതീവഗുരുതര നടപടിയാണെന്നും സുപ്രീംകോടതി ഉത്തരവ് കൊണ്ട് കളിക്കരുതെന്നും ചീഫ് ജസ്റ്റിസ് അന്ന് പരാമര്‍ശവും നടത്തി. ഇതിനുപിന്നാലെ നാഗേശ്വരറാവുവിനോട് നേരിട്ട് ഹാജരാകാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 

ഫെബ്രുവരി 12-ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാലാണ് നാഗേശ്വരറാവുവിന് വേണ്ടി കോടതിയില്‍ ഹാജരായത്. നാഗേശ്വരറാവുവിന്റെ നടപടി തെറ്റാണെന്ന് അംഗീകരിച്ച അദ്ദേഹം സംഭവത്തില്‍ മാപ്പ് അപേക്ഷിക്കുന്നതായും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ ചീഫ് ജസ്റ്റിസ് കേസില്‍ നാഗേശ്വരറാവുവിനെതിരേ ശിക്ഷവിധിക്കുകയായിരുന്നു.

Content Highlights: former cbi interim director m nageswara rao guilty of contempt