nandakumarകൊല്ലം: ബസിലുണ്ടായിരുന്ന 58 കുരുന്നുകളെ സുരക്ഷിതരാക്കിയ ശേഷം സ്കൂൾ ബസ് ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതം വന്നിട്ടും മനഃസാന്നിധ്യത്തോടെ ബസ് നിയന്ത്രിച്ചു നിർത്തിയാണ് ഡ്രൈവർ തിരുമുല്ലവാരം നന്ദളത്ത്തറയിൽ വീട്ടിൽ വി.എസ്. നന്ദകുമാർ (49) മരിച്ചത്. തങ്കശ്ശേരി മൗണ്ട്കാർമൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങുമ്പോൾ തിങ്കളാഴ്ച വൈകീട്ട് 4.10-നായിരുന്നു സംഭവം.

ആറുവർഷമായി ഇവിടെ ഡ്രൈവറാണ് നന്ദകുമാർ. തിങ്കളാഴ്ച വൈകുന്നേരം കുട്ടികളുമായി തങ്കശ്ശേരി കാവൽജങ്ഷനിൽ എത്തിയപ്പോഴാണ് നന്ദകുമാറിന് നെഞ്ചുവേദനയും അസ്വസ്ഥതയുമുണ്ടായത്. ഉടൻ ബസ് റോഡരുകിലേക്ക് ഒതുക്കി നിർത്തി. ജങ്ഷനിലുണ്ടായിരുന്ന ഓട്ടോഡ്രൈവർമാർ ഇദ്ദേഹത്തെ ബസിൽ നിന്ന് പുറത്തിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഷൈലജയാണ് ഭാര്യ. മകൻ: മിഥുൻ ലാൽ. ശവസംസ്കാരം ചൊവ്വാഴ്ച 12-ന് മുളങ്കാടകം ശ്മശാനത്തിൽ.

content highlights: Kollam driver died while driving