News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

എൻഡിഎ സ്ഥാനാർഥികളെ കുറിച്ച് ഏകദേശ ധാരണ; ആർഎസ്എസ് ഇടപെടലില്ല: ശ്രീധരൻപിള്ള

featured image

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ സംബന്ധിച്ച് എൻഡിഎയിൽ ഏകദേശ ധാരണയായെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. ബിജെപിയുടെ രാഷ്ട്രീയ കാര്യങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ല. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നു തന്നെയാണു പാർട്ടി നിലപാട്. എന്നുകരുതി, പഴയ ആളുകളെ അവഗണിക്കാൻ കഴിയില്ല.

എല്ലാ സമുദായങ്ങളിൽനിന്നും എൻഡിഎയ്ക്കു സ്ഥാനാർഥികളുണ്ടാകും. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കുള്ള പിന്തുണ തുടരും. യുവമോർച്ച സമ്മേളനത്തിൽ പറഞ്ഞ 3 കാര്യങ്ങളിലും ഇപ്പോഴും ഉറച്ചുനിൽക്കുന്നു. കുംഭമാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഉപവാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജനമഹായാത്ര പരാജയപ്പെട്ടതിന്റെ പാപഭാരം മറ്റുള്ളവരുടെമേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നടത്തുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയും സിപിഎമ്മും രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം വിലകുറഞ്ഞതും 100% കളവുമാണ്. ആരോപണമുന്നയിച്ച രമേശ് ചെന്നിത്തല ആ ചർച്ച എവിടെ നടത്തിയെന്നുകൂടി പറയണം.

കോൺഗ്രസും സിപിഎമ്മും ബിജെപിക്കു വർജ്യവസ്തുക്കളാണ്. ഇരുവരെയും തോട്ടികൊണ്ടു തൊടാൻപോലും ബിജെപി തയാറല്ല. കൊത്താൻ ഒരുങ്ങി നിൽക്കുന്ന മൂർഖനാണു സിപിഎം. കാലിനടിയിൽ ഒളിഞ്ഞു കിടക്കുന്ന വിഷപ്പാമ്പാണു കോൺഗ്രസ്. 2 കൂട്ടരെയും സൂക്ഷിക്കണമെന്ന്് അണികൾക്കു മുന്നറിയിപ്പു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment