തിരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കെ സമാനസ്വഭാവമുള്ള നാല് രാഷ്ട്രീയക്കൊലക്കേസുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ. എന്നിവർക്കെതിരേ സി.ബി.െഎ. സമർപ്പിച്ച കുറ്റപത്രം ഈ പട്ടികയിൽ ഒടുവിലത്തേതാണ്.

കേസ് തലശ്ശേരി കോടതിയിൽ പരിഗണനയ്ക്കുവരുമ്പോൾ നിലവിൽ ജയരാജന്റെയും രാജേഷിന്റെയും ജാമ്യം റദ്ദാക്കുമോയെന്നും അറസ്റ്റുണ്ടാവുമോയെന്നും സി.പി.എം. ആശങ്കപ്പെടുന്നു. ഷുക്കൂർ വധക്കേസിലെന്നപോലെ ആർ.എസ്.എസ്. നേതാവ് കതിരൂർ മനോജ് വധക്കേസിലും സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. കേസിൽ 25-ാം പ്രതിയായ ജയരാജൻ ജാമ്യത്തിലാണ്. എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ്‌ രക്തസാക്ഷിയായതിന്റെ ഒന്നാംവാർഷികം കോൺഗ്രസ് ആചരിക്കുന്ന വേളയിലാണ് ഷുക്കൂർ വധക്കേസിലും സി.പി.എം. കുരുക്കിലായത്.

ന്യൂനപക്ഷത്തെ പാർട്ടിയോട് അടുപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുന്നതിനിടെ ന്യൂനപക്ഷത്തിൽപ്പെട്ട രണ്ടുയുവാക്കളുടെ കൊലപാതകത്തിന്റെ ഓർമകൾ മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് സി.പി.എം. ഭയക്കുന്നു. എന്നാൽ, രാഷ്ട്രീയോദ്ദേശ്യത്തോടെ സി.ബി.ഐ.യെ പാർട്ടിക്കെതിരേ ഉപയോഗിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ പരാതി. സി.ബി.ഐ.യുടെ വിശ്വാസ്യത രാജ്യത്താകമാനം തകർന്നതായും ബി.ജെ.പി.യുടെ ചട്ടുകമായി സി.ബി.ഐ. മാറിയതായും അവർ കുറ്റപ്പെടുത്തുന്നു.

വേട്ടയാടുന്ന കേസുകൾ

കതിരൂർ മനോജ് വധം

ആർ.എസ്.എസ്. നേതാവായ കതിരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 സെപ്റ്റംബർ ‌ഒന്നിനാണ് സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തിൽനിന്ന് വലിച്ചിറക്കി വടിവാളുകൊണ്ട്‌ വെട്ടിക്കൊല്ലുകയായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി. ജയരാജനാണ് കേസിൽ 25-ാം പ്രതി. കൊലപാതകം, വധശ്രമം, ഗൂഢാലോചന നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ.) എന്നിവയാണ് പ്രതികൾക്കെതിരേ ചുമത്തിയത്. ആദ്യം െെക്രംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ. ഏറ്റെടുത്തു. പി. ജയരാജനെ 15 വർഷംമുൻപ് കൊലപ്പെടുത്താൻ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് സി.ബി.ഐ. നൽകിയ കുറ്റപത്രത്തിലെ പ്രധാന ആരോപണം. 2016 ഫെബ്രുവരിയിൽ ജയരാജൻ കീഴടങ്ങി. മാർച്ച് 23-ന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽമോചിതനായി.

ഷുഹൈബ് വധം

2018 ഫെബ്രുവരി 12-നാണ് കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് വെട്ടേറ്റ് മരിക്കുന്നത്. അരയ്ക്കുതാഴെ 37 വെട്ടേറ്റ് ചോരവാർന്നായിരുന്നു മരണം. കേസിൽ സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയടക്കം 17 പ്രതികളെ ഇതിനോടകം പിടികൂടി. ഷുഹൈബിന്റെ പിതാവ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കുവിട്ടു.

ഫസൽ വധം

കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളിൽ സി.ബി.ഐ. ആദ്യം അന്വേഷിക്കുന്ന കേസാണ് ഫസൽ വധം. 2006 ഒക്ടോബർ 22-നാണ് തലശ്ശേരിയിൽവെച്ച് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെടുന്നത്. സി.പി.എം. പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിന്റെ പ്രതികാരമായി കൊലനടത്തുകയായിരുന്നെന്നാണ് ആരോപണം. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെെട എട്ടുേപരെ പ്രതിയാക്കി സി.ബി.ഐ. നൽകിയ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, സി.ബി.ഐ. കെട്ടിച്ചമച്ച കേസാണിതെന്നാണ് സി.പി.എം. പറയുന്നത്. യഥാർഥ പ്രതികൾ ആർ.എസ്.എസാണെന്ന് കേസിൽ ഉൾപ്പെട്ട വ്യക്തിതന്നെ മൊഴിനൽകിയതായും കേരള പോലീസ് സി.ബി.ഐ.യുടെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യവും സി.പി.എം. ചൂണ്ടിക്കാട്ടി.