News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

കേള്‍ക്കെടോ കള്ളാ, നിയ മോള്‍ ഇനിയും കേള്‍ക്കും അമ്മയുടെ താരാട്ട്...

featured image

കണ്ണൂർ ∙ അമ്മയുടെ താരാട്ടും അച്ഛന്റെ കൊഞ്ചലും വീണ്ടും നിയമോളുടെ കാതുകളിൽ മുഴങ്ങി. മോഷണംപോയ ശ്രവണസഹായിക്കു പകരം മറ്റൊരെണ്ണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജതന്നെ നേരിട്ടെത്തി.

രണ്ടുവർഷം കാത്തിരുന്നുകിട്ടിയ കേൾവിശക്തി നഷ്ടപ്പെട്ടതിന്റെ നിരാശയിൽ കരഞ്ഞുതളർന്നു പനിപിടിച്ച നിയ ചാലക്കുന്നിലെ അമ്മയുടെ വീട്ടിലായിരുന്നു. അവിടെയെത്തിയാണ് മന്ത്രി നിയമോളുടെ കുഞ്ഞുകാതിൽ സ്പീച്ച് പ്രൊസസർ വെച്ചുകൊടുത്തത്. സർവീസ് ചെയ്തുകൊണ്ടുവന്ന പഴയ പ്രൊസസറാണു താൽക്കാലികമായി നൽകിയത്.

രണ്ടാഴ്ചയ്ക്കകം പുതിയതു സാമൂഹ്യസുരക്ഷാ മിഷന്റെ വീ കെയർ പദ്ധതിയിൽ നിന്നു നൽകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ചിന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് നിയശ്രീക്ക് സ്പീച്ച് പ്രൊസർ നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ മിഷന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ അന്നുതന്നെ നിർദേശിച്ചിരുന്നു.

niyamol-news

തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും വ്യക്തികളോ സംഘടനകളോ വാങ്ങി നൽകാൻ തയാറായാൽ മറ്റൊരു കുട്ടിക്ക് ഈ തുക പ്രയോജനപ്പെടുത്തമല്ലോ എന്ന ചിന്തയുമാണു രണ്ടുദിവസം കാത്തിരിക്കാൻ കാരണം. ഒട്ടേറെപ്പേർ സഹായവാഗ്ദാനവുമായി എത്തിയെങ്കിലും ഉടൻ ‍വാങ്ങിനൽകുമെന്ന ഉറപ്പ് ആരിൽനിന്നും ലഭിക്കാതായതോടെയാണ് സർക്കാർ തന്നെ വാങ്ങി നൽകാൻ തീരുമാനിച്ചത്.

പെരളശ്ശേരി ചോരക്കളത്തെ രൂപ നിവാസിലെ നിയശ്രീ കേൾക്കാൻ തുടങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു കോക്ലിയാർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്ത ശേഷമായിരുന്നു ഇത്.

ജന്മനാ കേൾക്കാൻ കഴിയാതിരുന്നതുകൊണ്ടു സംസാരിക്കാനും കഴിയാതെപോയ നിയശ്രീ ഇപ്പോൾ വാക്കുകൾ പഠിച്ചുവരുന്നേയുള്ളൂ.. ഇതിനായി അവളെ ആഴ്ചയിൽ മൂന്നുതവണ കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോയി സ്പീച്ച് തെറപ്പി നൽകുന്നുണ്ടായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് അമ്മേ... അച്ഛാ.. എന്നെല്ലാം അവൾ വിളിച്ചുതുടങ്ങുകയും ചെയ്തു.

സ്പീച്ച് തെറപ്പിക്കായി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടേക്ക് എഗ്മോർ എക്സ്പ്രസിന്റെ ലേഡീസ് കംപാർട്മെന്റിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സ്പീച്ച് പ്രൊസസർ മോഷണം പോയത്. ജ്വല്ലറി ബോക്സിനു സമാനമായ പെട്ടിയിലിട്ടു ബാഗിൽ വെച്ചിരുന്നതാണ്. സ്വർണമോ മറ്റോ ആണെന്നു കരുതി ബാഗ് ഉൾപ്പെടെ കള്ളൻ കൊണ്ടുപോയതാവുമെന്ന് ഇവർ കരുതുന്നു.

നാലുലക്ഷത്തോളം രൂപയാണു പുതിയ പ്രൊസസർ വാങ്ങാൻ വേണ്ടത്.

വർക്ക് ഷോപ്പ് ജീവനക്കാരനായ അച്ഛൻ രാജേഷിനും തയ്യൽജോലി ചെയ്യുന്ന അമ്മ അനിതയ്ക്കും താങ്ങാൻ കഴിയുന്ന തുകയായിരുന്നില്ല ഇത്. കോക്ലിയാർ ഇംപ്ലാന്റീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം.വിജേഷ്, കോക്ലിയാർ ഇംപ്ലാന്റ് നിർമാതാക്കളായ മെഡൽ കമ്പനിയുടെ ഓഡിയോളജിസ്റ്റ് നിഖിൽ ബെൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

No comments:

Post a Comment