കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ ആവേശം അവസാന സെറ്റുവരെ നീണ്ടുനിന്ന മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. മൂന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു നീലപ്പടയുടെ വിജയം. സ്‌കോര്‍: 12-15, 10-15, 15-11, 15-13, 15-10. 

ഇതോടെ കേരളത്തില്‍നിന്നുള്ള രണ്ടു ടീമുകളും പ്ലേ ഓഫിലെത്തി. അഞ്ചു കളിയും പൂര്‍ത്തിയാക്കിയ കൊച്ചി ഇനി പ്ലേ ഓഫിന് ചെന്നെയിലേക്ക് പോകും.

ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് കൊച്ചി വിജയം വെട്ടിപ്പിടിച്ചത്. പകരക്കാരനായി ഇറങ്ങിയ യൂണിവേഴ്സല്‍ താരം പ്രവീണ്‍ കുമാറിലൂടെയായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്. ആദ്യ സെറ്റ് 15-12 ന് ചെന്നൈ സ്വന്തമാക്കി. രണ്ടാം സെറ്റ് 15-10 എന്ന സ്‌കോറിനും കൊച്ചിക്ക് നഷ്ടമായി. അവിടെ നിന്ന് കൊച്ചിയുടെ കളിമാറി. മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ കൊച്ചി സെറ്റ് 15-11 ന് സ്വന്തമാക്കി. ആവേശം നിറഞ്ഞുനിന്ന നാലാം സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 15-13 ന് കൊച്ചി സ്വന്തമാക്കി. വിജയികളെ നിശ്ചയിച്ച അഞ്ചാം സെറ്റില്‍ 15-10 ന് ആയിരുന്നു കൊച്ചിയുടെ വിജയം. 

pro volleyball league Kochi Blue Spikers beat chennai spartans

വിദേശ താരങ്ങളായ ഡേവിഡ് ലീയും ആന്ദ്രെ പതുക്കും തിളങ്ങിയതോടെ അവസാന മൂന്ന് സെറ്റുകളിലും കൊച്ചിയുടെ മുന്നേറ്റമായിരുന്നു. ആന്ദ്രെ പതുക്കാണ് കളിയിലെ താരം. പ്രഭാകരന്‍ (12), പ്രവീണ്‍ കുമാര്‍ (11) എന്നിവരാണ് കൊച്ചിയുടെ പ്രധാന സ്‌കോറര്‍മാര്‍. 20 പോയന്റ് നേടിയ റൂഡിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഇതോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റുമായി കൊച്ചി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയന്റ് മാത്രമുള്ള ചെന്നൈ മൂന്നാം സ്ഥാനത്താണ്.

Content Highlights: pro volleyball league Kochi Blue Spikers beat chennai spartans