ന്യൂഡല്‍ഹി: ഋഷികുമാര്‍ ശുക്ലയെ സിബിഐ ഡയറക്ടറായി നിശ്ചയിച്ച തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. സിബിഐ മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതി അംഗമാണ് ഖാര്‍ഗെ.  സിബിഐ മേധവിയായി തിരഞ്ഞെടുത്ത ഋഷികുമാര്‍ ശുക്ലയ്ക്ക് അഴിമതി വിരുദ്ധ അന്വേഷണങ്ങളില്‍ പരിചയക്കുറവുണ്ടെന്നാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്കയച്ച വിയോജന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. 

1983 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷികുമാര്‍ ശുക്ലയെ സിബിഐ മേധാവിയായി തിരഞ്ഞെടുത്തത് ഉന്നതാധികാര സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍. 

അലോക് വര്‍മയെ പുറത്താക്കിയതിന് ശേഷം ജനുവരി 10 മുതല്‍ സിബിഐ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സമിതി തീരുമാനം എടുത്തതിന് പിന്നാലെ ഋഷികുമാര്‍ ശുക്ലയെ സിബിഐ മേധാവിയായി നിയമിച്ച് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി. രണ്ടുവര്‍ഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി. 

Content Highlights: New CBI chief appointed: Congress leader Mallikarjun Kharge dissents