കട്ടപ്പന: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ പ്രസ്താവന തള്ളി സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സ്ത്രീ സമത്വവും ശാക്തീകരണവും നയമാക്കിയ പാര്‍ട്ടി പ്രസ്താവന തള്ളുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എം.എല്‍.എ നടത്തിയ പ്രസ്താവന. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല.

ജനപ്രതിനിധി എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് എം.എല്‍.എ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ എസ്. രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് പ്രസ്താവന തള്ളി സിപിഎം രംഗത്തെത്തിയിട്ടുള്ളത്.

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എല്‍.എ. തട്ടിക്കയറിയത്. ദേവികുളം സബ്കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്ന തരത്തിലായിരുന്നു എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ പരാമര്‍ശം. മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്‌സ് നിര്‍മാണം തടയാന്‍ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരേ മോശമായ ഭാഷയില്‍ സംസാരിച്ചത്.

ലോക്കല്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇത് പകര്‍ത്താന്‍ശ്രമിച്ചപ്പോള്‍ അപകടം മണത്ത എം.എല്‍.എ. സ്ഥലത്തുനിന്ന് മാറി. എന്നാല്‍, വീഡിയോദൃശ്യങ്ങള്‍ ചാനലുകളിലൂടെ പ്രചരിച്ചതോടെ പരാമര്‍ശം വിവാദമാകുകയായിരുന്നു.

Content Highlights: Devikulam Sub collector, S Rajendran MLA, CPM