News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

സമയക്രമം കടലാസിൽ മാത്രം; ട്രെയിനുകളുടെ വൈകിയോട്ടം തുടർക്കഥ

featured image

കോട്ടയം∙ യാത്രക്കാരെ വെല്ലുവിളിച്ചും ജനപ്രതിനിധികൾക്കു പുല്ലുവില കൽപ്പിച്ചും റെയിൽവേയുടെ തന്നിഷ്ടം തുടരുന്നു. പാസഞ്ചറുകൾ റദ്ദാക്കിയതിനു പിന്നാലെ സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പാതിവഴിയിൽ ട്രെയിൻ ഉപേക്ഷിച്ച് മറ്റുയാത്രാമാർഗങ്ങൾ തേടാൻ യാത്രക്കാർ നിർബന്ധിതമാകുന്നതോടെ യാത്രക്കാരില്ലാതെയാണ് കൊല്ലം–കോട്ടയം പാതയിൽ മിക്ക പാസഞ്ചർ ട്രെയിനുകളുടെയും ഓട്ടം. ജനപ്രതിനിധികളും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ട സാഹചര്യത്തിൽ കൃത്യസമയം പാലിച്ചുവന്ന ട്രെയിനുകൾ പഴയപടിയായതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം.

രാവിലെ 7.50ന് കൊല്ലത്തുനിന്നും കോട്ടയംവഴി പുറപ്പെടുന്ന മെമു വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതുവഴി സ്ഥിരമായി ഒരു മണിക്കൂറിലധികം വൈകിയാണ് കോട്ടയത്ത് എത്തുന്നത്. പിന്നാലെ എത്തുന്ന ശബരി എക്സ്പ്രസിനു വഴിയൊരുക്കാൻ അരമണിക്കൂറോളം ഒരേ സ്റ്റേഷനിൽ പിടിച്ചിടുന്നതായും യാത്രക്കാർ പറയുന്നു. യാത്രക്കാർക്കു മാറിക്കയറാൻപോലും അവസരം നിഷേധിച്ച് ശബരി എക്സ്പ്രസിനു സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളിലെ ഈ പിടിച്ചിടൽ സ്ഥിരം യാത്രക്കാരോടുള്ള വഞ്ചനയാണെന്ന് യാത്രക്കാരുടെ ഔദ്യോഗിക സംഘടയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതികരിച്ചു. ഉന്നതർ ഇടപെടുമ്പോൾ മാത്രം രണ്ടുദിവസത്തേക്ക് കൃത്യമായി വണ്ടി ഓടുന്നത് എങ്ങനെയെന്നും ഫ്രണ്ട്സ് ഓൺ റയിൽസ് ചോദിക്കുന്നു.

ഇന്നു രാവിലെ എട്ടു മണിയോടെ ശാസ്താംകോട്ടയിലെത്തിയ തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് 20 മിനിറ്റോളം പിടിച്ചിട്ട ശേഷമാണ് പിന്നാലെ എത്തിയ ഇന്റർസിറ്റി എക്സ്പ്രസ് കടത്തിവിട്ടത്. ഇതോടെ രണ്ടു ട്രെയിനുകളും തിരുവനന്തപുരത്ത് എത്താൻ വൈകി. കൃത്യസമയത്ത് കൊല്ലത്തുനിന്നും പുറപ്പെട്ട എറണാകുളം മെമു കായംകുളം എത്തുമ്പോൾ അരമണിക്കൂറും കോട്ടയം എത്തുമ്പോൾ ഒരുമണിക്കൂറും വൈകി.

കണക്‌ഷൻ ട്രെയിനല്ല എന്ന കാരണം പറഞ്ഞു, കോട്ടയം വഴിയുള്ള പരശുറാം എക്സ്പ്രസ് കായംകുളം സ്റ്റേഷന്റെ ഔട്ടറിലെത്തുമ്പോൾ ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ പുറപ്പെടുന്നതിലും യാത്രക്കാർ പ്രതിഷേധത്തിലാണ്. ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർ മറ്റു മാർഗങ്ങളില്ലാതെ വലയുന്നു. ട്രെയിൻ വൈകിക്കാനാവില്ലെന്നാണ് ഇതിനോട് റെയിൽവേയുടെ അധികൃതരുടെ മറുപടി. എന്നാൽ ഇതേ ട്രെയിൻ അടുത്ത സ്റ്റേഷനുകളിൽ ക്രോസിങ്ങിനായുള്ള കാത്തുകിടപ്പ് തുടങ്ങും എന്നതാണ് യാഥാർഥ്യം.

വേണാടിനു പിന്നാലെ വൈകിട്ട് കൊല്ലം ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് സമയത്ത് എത്തിക്കാറില്ല. കഴിഞ്ഞ ദിവസം രണ്ടു ട്രെയിനുകൾ ഒരു മണിക്കൂറോളമാണ് കോട്ടയത്തുമാത്രം പിടിച്ചിട്ടത്. യാത്രക്കാരോടുള്ള അവഗണനയ്ക്കെതിരെ റയിൽവേ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് ഫ്രണ്ട്സ് ഓൺ റയിൽസ് സെക്രട്ടറി ലിയോൺസ് പറഞ്ഞു.

No comments:

Post a Comment