പനാജി: റിസോട്ട് നിര്‍മിക്കാന്‍ വനം നശിപ്പിച്ച കേസില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ആഭിജാത് പരീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി നശിപ്പിച്ചുവെന്ന കേസിലാണ് ആഭിജാതും ചീഫ് സെക്രട്ടറിയും, വനം പരിസ്ഥിതി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ഉള്‍പ്പെടെ 11 പേര്‍ക്ക് കോടതി നോട്ടീസയച്ചത്.

റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹൈഡ് എവേ എന്ന പേരില്‍ എക്കോ റിസോര്‍ട്ട് നിര്‍മിക്കാന്‍ വനം നശിപ്പിച്ചുവെന്നും നിര്‍മാണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിരവധി ബൈലോകള്‍ പാസാക്കിയെന്നും പരാതിയില്‍ പറയുന്നു.

നിര്‍മാണം 'ഫാസ്റ്റ് ട്രാക്കി'ല്‍ നടത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും പനാജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് നിര്‍മാണം ഇതിനകം തന്നെ കോണ്‍ഗ്രസ് - ബി.ജെ.പി വാക്‌പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ആഭിജാതിന് വേണ്ടി സ്വജന പക്ഷപാതം കാണിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിട്ടുണ്ട്. 

ആഭിജാത് പണം കൊടുത്താണ് അവിടെ സ്ഥലം വാങ്ങിയത്. ഞങ്ങള്‍ക്ക് മുഖ്യമന്ത്രി മനോഹര്‍ പരീക്കറിലും മകനിലും നല്ല വിശ്വാസമുണ്ട് -ബി.ജെ.പി നേതാവ് വിനയ് ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 

Content highlights: Panaji HC issued notice to Manohar Parrikar’s son over construction of eco-resort