മലപ്പുറം: കനകദുര്‍ഗയെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ കുടുംബ പ്രശ്നമാക്കി മാറ്റാനാണ് ശ്രമമെന്ന് ബിന്ദുവും കനകദുര്‍ഗയും. ബി.ജെ.പിയും മറ്റു ചില സംഘടനകളും പിറകില്‍നിന്ന് ഇളയസഹോദരനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്നമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഒറ്റപ്പെടുത്തി മലപ്പുറത്തുനിന്ന് ഓടിക്കാനാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് മുമ്പ് കുടുംബത്തില്‍ ഒരു പ്രശ്നവുമില്ല. അതിനുശേഷമാണ് പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഇതിനു പിന്നില്‍ ബി.ജെ.പിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും കനകദുര്‍ഗ പറഞ്ഞു.

ചില മാധ്യമങ്ങളും ചാനലുകളും അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിലര്‍ ഉന്തിത്തള്ളി അയച്ചതാണെന്നും താന്‍പോലും കനകദുര്‍ഗയെ തിരിഞ്ഞുനോക്കുന്നില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നതായി ബിന്ദു പറഞ്ഞു.

''സഹോദരനാണ് തനിക്കെതിരേ ആക്രമണം നടത്താന്‍ കേരള സമൂഹത്തെ ആഹ്വാനം ചെയ്യുന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുമ്പോഴുണ്ടായിരുന്ന ബാഗില്‍ മാലയ്‌ക്കൊപ്പം നാപ്കിന്‍ പാക്കറ്റ് വെച്ചതിനുശേഷം വീഡിയോ എടുത്ത് പല ചാനലുകളിലൂടെയും പ്രചരിപ്പിച്ചത് സഹോദരനാണ്. വീട്ടിലേക്ക് കയറ്റില്ലെന്നും ഒരുമിച്ച് ജീവിക്കില്ലെന്നും ഭര്‍ത്താവിന് നിലപാടില്ല-കനകദുര്‍ഗ പറഞ്ഞു.

കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സഹായിക്കാന്‍ കേരളത്തിലെ മുഴുവന്‍ പുരോഗമനശക്തികളും മുന്നോട്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

തങ്ങളെകൂടാതെ മൂന്നുപേര്‍കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി വ്യക്തിപരമായി അറിയാമെന്നും ബിന്ദു പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെയും കുട്ടിയെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കുമെന്ന് കനകദുര്‍ഗ പറഞ്ഞു.

content highlights: its not just mere a family problem, says Kanakadurga