കൊച്ചി: ചാലക്കുടി സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ധനപാലന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മണ്ഡലങ്ങളുടെ സ്വഭാവം മനസിലാക്കുന്നതില്‍ തെറ്റുപറ്റിയെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ധനപാലന്‍ പറഞ്ഞു.

2009 ല്‍ ചാലക്കുടി എംപിയായ ധനപാലന് കഴിഞ്ഞ തവണ തൃശൂര്‍ സീറ്റാണ് ലഭിച്ചത്. തൃശൂര്‍ എംപിയായിരുന്ന പി.സി.ചാക്കോയുടെ ആവശ്യപ്രകാരം ഇരുവരുടെയും സീറ്റുകള്‍ വെച്ചുമാറുകയായിരുന്നു. എന്നാല്‍, 2014 തിരഞ്ഞെടുപ്പില്‍ ഇരുസീറ്റുകളിലും കോണ്‍ഗ്രസ് തോറ്റു. ലോക്‌സഭാ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ധനപാലന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

''പാര്‍ലമെന്റില്‍ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടിയിലാണ് മത്സരിക്കാനാഗ്രഹിക്കുന്നത്,'' ധനപാലന്‍ പറഞ്ഞു. ''കഴിഞ്ഞ തവണ തൃശൂര്‍ക്ക് മാറ്റി, ഇനി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അഞ്ചു വര്‍ഷക്കാലം ചാലക്കുടിയിലെ എംപിയെന്ന നിലയില്‍ (2009-2014) മികച്ച പ്രവര്‍ത്തനം നടത്താനും ജനങ്ങളുടെ അംഗീകാരം നേടാനുമായി എന്നാണ് വിശ്വാസം. കഴിഞ്ഞ തവണ വീണ്ടുമൊരു അവസരം കിട്ടുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, അന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് ശ്രീ. ചാക്കോയുടെ സീറ്റുമായി എന്റെ സീറ്റ് വെച്ചുമാറാനായിരുന്നു. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെയെടുത്ത തീരുമാനമായിരുന്നു അത്. തൃശൂര്‍ക്ക് മാറ്റിയപ്പോള്‍ നില്‍ക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ട് സീറ്റും നേടാന്‍ ഞാന്‍ മത്സരിച്ചേ മതിയാകൂ എന്ന് ബോധ്യപ്പെടുത്തിയാണ് മത്സരരംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍, ഇപ്രാവശ്യം എനിക്ക് ചാലക്കുടിയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്.''

dhanapalan
കെ.പി ധനപാലന്‍: ഫോട്ടോ: സനോജ് ഷാജി

അതേസമയം, ചാലക്കുടിയില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ അതംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ''ഞാന്‍ നൂറു ശതമാനവും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അധികാരവും സ്ഥാനവുമൊക്കെ അതിനു പുറകേ വരുന്നതാണ്. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കും. മറ്റൊരാളെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അയാള്‍ക്കായി പ്രവര്‍ത്തിക്കും. എന്നോട് മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും.''

മുമ്പ് വടക്കേക്കരയിലും പ്രഖ്യാപനത്തിനു ശേഷം സ്ഥാനാര്‍ത്ഥിത്വം നഷ്ടമായിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അതിനുശേഷവും പാര്‍ട്ടിയില്‍ ഉറച്ചുനിന്നതിന് 200 9ല്‍ പാര്‍ലമെന്റ് സീറ്റ് നല്‍കിയിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇത്തവണ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെ.പി.ധനപാലന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ കേരളത്തില്‍ 2009 ന് സമാനമായ രാഷ്ട്രീയാന്തരീക്ഷമാണുള്ളത്. അത്രത്തോളം ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മികച്ച പോരാട്ടത്തിലൂടെ 16 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ട്.  ബിജെപി-ബിഡിജെഎസ് മുന്നണിയുടെ സാന്നിധ്യം പോരാട്ടം ശക്തമാക്കും. ശബരിമല വിഷയത്തിലുള്‍പ്പെടെ അവര്‍ തീവ്ര നിലപാടുകളിലൂടെ വോട്ട് സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും ശബരിമല സംഘര്‍ഷഭൂമിയാക്കുകയല്ല സംയമനമാണ് വേണ്ടിയിരുന്നതെന്ന കോണ്‍ഗ്രസ് നിലപാടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. 

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ തിടുക്കം കാണിച്ച സര്‍ക്കാരിന്റെ നിലപാട് ജനങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. എന്നാല്‍, പിറവം പള്ളിയുടെ കാര്യത്തിലും ബാറുകള്‍ തുറക്കുന്ന കാര്യത്തിലും വിധി മറികടക്കാന്‍ പ്രയോഗിച്ച തന്ത്രം എന്തുകൊണ്ട് ശബരിമലയില്‍ കാണിച്ചില്ലെന്നും ധനപാലന്‍ ചോദിക്കുന്നു.

Content Highlights: K P Dhanapalan, Chalakkudy Seat